മോദിയോടു മെര്‍ക്കല്‍ കാര്‍ക്കശ്യം കാട്ടണം: ആംനസ്റി
Friday, March 27, 2015 8:04 AM IST
ബര്‍ലിന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച ജര്‍മനി സന്ദര്‍ശിക്കാനിരിക്കെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ആംനസ്റി ഇന്റര്‍നാഷണലിന്റെ മുന്നറിയിപ്പ്.

മനുഷ്യാവകാശ വിഷയങ്ങളിലെ ദയനീയമായ ചരിത്രം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാക്കണമെന്നും ആംനസ്റി മെര്‍ക്കലിനോട് ആവശ്യപ്പെട്ടു.

ജര്‍മന്‍ കമ്പനികളുടെ സഹായത്തോടെ സ്വന്തം രാജ്യത്ത് നിക്ഷേപപദ്ധതികള്‍ ആരംഭിക്കുമ്പോള്‍, അതു മനുഷ്യാവകാശ ലംഘനത്തിന്റെ ചെലവിലാകരുതെന്ന് മെര്‍ക്കല്‍ മോദിയോട് ആവശ്യപ്പെടണമെന്നും ആംനസ്റി പ്രതിനിധി മൈക്കല്‍ ഗോട്ട്ലോബ് വ്യക്തമാക്കി.

ഏപ്രില്‍ 12നു ജര്‍മനിയില്‍ ഹാനോവര്‍ ട്രേഡ് ഫെയര്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനൊപ്പം ഉദ്ഘാടനം ചെയ്യും. ഇന്ത്യയാണ് ഈ പ്രദര്‍ശനത്തിന്റെ ഈ വര്‍ഷത്തെ പങ്കാളിത്തരാജ്യം.

ഏപ്രില്‍ രണ്ടാംവാരം ജര്‍മനിയിലെത്തുന്ന മോദി അതിനു ശേഷം ഫ്രാന്‍സും കാനഡയും സന്ദര്‍ശിക്കും. ഇന്ത്യയിലേക്കു പരമാവധി വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് മോദിയുടെ വിദേശ പര്യടനത്തിന്റെ ലക്ഷ്യം. മോദിയുടെ യൂറോപ്പിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍