ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാര ധ്യാനവും
Saturday, March 28, 2015 3:38 AM IST
ഡാളസ് (ടെക്സസ്): ഡാളസിലെ പ്രമുഖ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഹാശാവാര ശുശ്രൂഷകള്‍ വിശുദ്ധവാരധ്യാനത്തോടുകൂടി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ചു വരെ നടത്തും.

ഹാശാവാര ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഫ്രിക്ക - യുകെ - യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

മാര്‍ച്ച് 28-നു ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കും പതിനൊന്നിന് ആരംഭിക്കുന്ന വിശുദ്ധവാര ധ്യാന-വചനപ്രഘോഷണത്തിനും അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കും. തുടര്‍ന്ന് എല്ലാ ദിവസവും വൈകിട്ട് ഏഴുമുതല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും ഉണ്ടായിരിക്കും.

മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ എട്ടിനു പ്രഭാത നമസ്കാരവും തുടര്‍ന്നുള്ള
വിശുദ്ധ കുര്‍ബാനയ്ക്കും ഓശാനയുടെ ശുശ്രൂഷകള്‍ക്കും അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ ഒന്നിനു ബുധനാഴ്ച വൈകിട്ട് 6.30 ന് നമസ്കാരവും തുടര്‍ന്ന് പെസഹായുടെ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 5.30-നു കാല്‍കഴുകല്‍ ശുശ്രൂഷ അഭിവന്ദ്യ മാത}സ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

ഏപ്രില്‍ മൂന്നിനുവെള്ളിയാഴ്ച രാവിലെ 8.30-ന് ദുഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. ഏപ്രില്‍ നാലിനു ദു:ഖശനിയാഴ്ച രാവിലെ 9.30-ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ 5-ന് ഞായറാഴ്ച രാവിലെ അഞ്ചിനു ആരംഭിക്കുന്ന പാതിരാപ്രാര്‍ത്ഥനകള്‍ക്കുശേഷം വിശുദ്ധ കുര്‍ബ്ബാനയും ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകളും നടക്കും.

ഹാശാവാരശുശ്രൂഷയിലും ധ്യാനപ്രാര്‍ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഡാളസിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. സി.ജി തോമസ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഫാ. സി.ജി തോമസ് (469 499 6559), സെക്രട്ടറി കുര്യന്‍ മാത്യു (214 223 8001), ട്രസ്റി ഏബ്രഹാം ജോര്‍ജ് (972 899 2859).

റിപ്പോര്‍ട്ട്: അനില്‍ മാത്യു ആശാരിയത്ത്