നരേന്ദ്ര മോദി കാനഡ സന്ദര്‍ശിക്കുന്നു
Saturday, March 28, 2015 8:29 AM IST
ടൊറന്റോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14 നു കാനഡയില്‍ സന്ദര്‍ശനം നടത്തുന്നു. ഏപ്രില്‍ 10 മുതല്‍ 16 വരെ ദിവസങ്ങളില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ വിദേശ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.

ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ലോകത്തിലെ ഒന്നാമത്തെ രാജ്യമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ തൊഴില്‍ മേഖലകള്‍ കണ്െടത്തുന്നതിനും ഇന്ത്യയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുവാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അതുവഴി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകരെയും വ്യവസായ സംരംഭകരെയും സ്വാഗതം ചെയ്യുന്നതിനും വേണ്ടി ഒരു പുതിയ കൂട്ടുകെട്ടിന് ഇവിടെ തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ വിദ്യാ സമ്പന്നരായ ചെറുപ്പകാര്‍ക്ക് ഇതുവഴി പുതിയ തൊഴിലവസരങ്ങള്‍ തുറന്നു കിട്ടുമെന്ന് നമുക്ക് ആശിക്കാം. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ സമ്പൂര്‍ണ വിജയം ഇതുവഴി സാധ്യമാവുകയാണ്.

ടൊറന്റോയില്‍ നടക്കുന്ന പൊതു ചടങ്ങില്‍ നരേന്ദ്ര മോദി ജനങ്ങളെ അതി സംബോധന ചെയ്യും. സമ്മേളന നഗരിയിലേക്കുള്ള പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ 14,15,16 തീയതികളിലായി അദ്ദേഹം ടൊറന്റോ, ഓട്ടവ, വാന്‍ഗൂവര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

മോദിയുടെ കാനഡയിലെ ആദ്യത്തെ സന്ദര്‍ശനം ആഘോഷമാക്കി മാറ്റുന്ന തെരക്കിലാണ് ഇന്ത്യന്‍ വംശജര്‍. 1973 നു ശേഷം കാനഡ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള