ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായി ഓശാനത്തിരുനാള്‍
Monday, March 30, 2015 7:28 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച നടന്ന ഓശാനത്തിരുനാള്‍ ആചരണത്തോടെ ക്രിസ്തുനാഥന്റെ പീഡാസഹനവും കുരിശുമരണവും മഹത്വപൂര്‍ണമായ ഉഥാനവും അനുസ്മരിച്ച് പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ക്കു തുടക്കമായി.

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓര്‍മപുതുക്കി ഓശാനത്തിരുനാള്‍ ആചരിച്ചതിനൊപ്പം ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഫൊറോന പള്ളിയിലും ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍ പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനതിരുനാള്‍ ആചരിച്ചു.

ഞായറാഴ്ച രാവിലെ പത്തിന് ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഓശാനശുശ്രൂഷയിലും ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു. പ്രത്യേക പ്രാര്‍ഥനാപൂര്‍വം ആശീര്‍വദിച്ചുനല്‍കിയ കുരുത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിക്കു വെളിയിലൂടെയുള്ള കുരുത്തോലപ്രദക്ഷിണവും 'വാതിലുകളെ തുറക്കുവിന്‍' എന്നുദ്ഘോഷിച്ചു കൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും ഫാ. ജോണിക്കുട്ടിയും കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരും നേതൃത്വം നല്‍കി.

പീഡാനുഭവവാരതിരുക്കര്‍മ്മങ്ങള്‍

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി.

പെസഹാ വ്യാഴം: രാവിലെ ഒമ്പതു മുതല്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ അപ്പം തയാറാക്കല്‍. വൈകുന്നേരം ഏഴു മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവയ്ക്കല്‍. രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടു വരെ ദിവ്യകാരുണ്യ ആരാധന.

ദുഃഖവെള്ളി: രാവിലെ ഒന്‍പതു മുതല്‍ പീഡാനുഭവശൂശ്രൂഷ, ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്സി നൊവേന, ഒരുനേരഭക്ഷണം. ഉച്ചകഴിഞ്ഞ് വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന.

ദുഃഖശനി: രാവിലെ ഒന്‍പതിനു പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്നാനവ്രത നവീകരണം കുര്‍ബാനയും മാതാവിന്റെ നോവേനയും. തുടര്‍ന്നു 10.30 കുട്ടികള്‍ക്കുള്ള ഈസ്റര്‍ എഗ് ഹണ്ടിംഗ് മല്‍സരം.

ഈസ്റര്‍ വിജില്‍ സര്‍വീസ് (ശനി) വൈകുന്നേരം ഏഴു മുതല്‍ ഉയിര്‍പ്പു തിരുനാളിന്റെ ചടങ്ങുകള്‍, മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാന.

ഉയിര്‍പ്പു ഞായര്‍: രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി നേതൃത്വം നല്‍കും. റവ. ഡോ. ജോസഫ് ആലഞ്ചേരി (ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി, തലശേരി) പെസഹാ വ്യാഴം മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ സഹായത്തിനുണ്ടാവും. ശനിയാഴ്ച്ച മതാധ്യാപകര്‍ക്ക് അദ്ദേഹം ക്ളസെടുക്കും. ഉയിര്‍പ്പു ഞായര്‍ മതബോധന സ്കൂളില്‍ അവധിയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി (വികാരി) 916 803 5307, സണ്ണി പടയാറ്റി 215 913 8605, ഷാജി മിറ്റത്താനി 215 715 3074,

ടോം പാറ്റാനിയില്‍ (സെക്രട്ടറി) 267 456 7850.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍