പ്രതിഷ്ഠാ മഹോത്സവത്തിനൊരുങ്ങി ഹൂസ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം
Tuesday, March 31, 2015 6:05 AM IST
ഹൂസ്റണ്‍: അരണി കടഞ്ഞുണരുന്ന യാഗാഗ്നിയില്‍ ഹോമകുണ്ഠങ്ങള്‍ ജ്വലിക്കുമ്പോള്‍ വേദമന്ത്രോച്ചാരണങ്ങളില്‍ ലോകത്തിലെ ഊര്‍ജതലസ്ഥാനത്തിന്റെ അന്തരീക്ഷം അമരുമ്പോള്‍ അഞ്ജലീബദ്ധരായ ആയിരങ്ങള്‍ക്കു മുന്നില്‍ ശ്രീഗുരുവായൂരപ്പന്റെ ശ്രീകോവില്‍ നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി.

ഏപ്രില്‍ 18നു വൈകുന്നേരം ആരംഭിക്കുന്ന ആചാര്യവരണം എന്ന ചടങ്ങോടെ ക്രിയകള്‍ക്കു തുടക്കമാകും. അന്നുതന്നെ കൊടിയേറ്റവും നടക്കും. ക്ഷേത്രം തന്ത്രി പ്രശസ്ത താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പത്തോളം നമ്പൂതിരിമാരാണു പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുക.

ഏപ്രില്‍ 23നു 10.30നും 12.30നും ഇടയിലെ വിശിഷ്ട മുഹൂര്‍ത്തത്തിലായിരിക്കും ഗുരുവായൂരപ്പന്റേയും ഉപദേവതകളായ ഗണപതി, അയ്യപ്പന്‍, ഭഗവതി എന്നീ പ്രതിഷ്ഠകള്‍ നിര്‍വഹിക്കുക. ചടങ്ങുകള്‍ക്കു നിശ്ചയിക്കപ്പെട്ട താളമേളങ്ങള്‍ പ്രശസ്ത തായമ്പക വിദ്വാന്‍ പല്ലാവൂര്‍ ജയദേവന്റെ നേതൃത്വത്തില്‍ എത്തുന്ന ഏഴംഗസംഘമാണ്.

പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു നേതൃത്വം വഹിക്കാന്‍ കിട്ടുന്ന അപൂര്‍വമായ ഈ അവസരം വിനിയോഗിക്കാന്‍ ആയിരങ്ങള്‍ എത്തിച്ചേരുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അവര്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നകാര്യത്തില്‍ സന്നദ്ധ സേവകര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

രണ്ടാം ദിവസം നടക്കുന്ന ബിംബ പിരഗ്രഹം ആണു മറ്റൊരു പ്രധാന ചടങ്ങ്. ഇതു കേരളത്തില്‍നിന്ന് എത്തിച്ച വിഗ്രഹം ആഘോഷമായി എഴുന്നള്ളിച്ച് ക്ഷേത്രത്തിനുള്ളില്‍ എത്തിച്ച് ക്ഷേത്ര ഭാരവാഹികള്‍ ശില്‍പ്പിയേയും ശില്‍പ്പി ക്ഷേത്രം തന്ത്രിയേയും ഏല്‍പ്പിക്കുന്ന ചടങ്ങാണ്. ബിംബം ഏറ്റുങ്ങിക്കഴിഞ്ഞാല്‍ ദോഷപരിഹാരങ്ങള്‍ക്കുള്ള 'അക്ഷഥഹോമം' ആയിരിക്കും. ശാരീരികമായ കുറവുകള്‍ പരിഹരിക്കാന്‍ ഈ ഹോമത്തില്‍ പങ്കെടുക്കുന്നത് അതിവിശിഷ്ടമാണെന്നു തന്ത്രി അഭിപ്രായപ്പെട്ടു. അക്ഷതഹോമത്തില്‍ പങ്കെടുക്കാനും സ്പോണ്‍സര്‍ ചെയ്യാനും അഭൂതപൂര്‍വമായ തിരരക്കാണെന്നു പ്രസിഡന്റ് രാജഗോപാല പിള്ള പറഞ്ഞു.

മൂന്നാംദിവത്തെ പ്രധാന ചടങ്ങ് 'പ്രസാദപരിഗ്രഹം' ആണ്. ക്ഷേത്രശരീരമായ ശ്രീകോവില്‍ തന്ത്രിയെ ഏല്‍പ്പിക്കുന്ന ചടങ്ങാണ് ഇത്. അന്നുതന്നെ രണ്ട് പ്രധാന ഹോമങ്ങളും നടക്കും. ഇതില്‍ പ്രധാനം രക്ഷേഘ്ന ഹോമം ആണ്. ക്ഷേത്രത്തിനും ഭക്തര്‍ക്കും ദുഷ്ടശക്തികളില്‍നിന്നു മോചനം നേടുന്ന അപൂര്‍വ ഹോമം ആണിത്. ഭക്തജനങ്ങള്‍ പങ്കെടുക്കേണ്ട സവിശേഷ പൂജയാണിത്.

നാലാം ദിവസം വിഗ്രഹശുദ്ധിക്കായി ഉള്ള ക്രിയകളാണുള്ളത്. ഇതില്‍പ്രധാനം കലശാഭിഷേകമാണ്. ഇതിനായി സഹസ്രകലശമാണ് ഉപയോഗിക്കുന്നതെന്നതും വിശേഷമാണ്. അതായത് ആയിരം കലശകുംഭങ്ങളില്‍ നിറച്ച തീര്‍ഥത്തില്‍ അഭിഷേകം ചെയ്ത് ശുദ്ധിവരുത്തിയ ബിംബമാണു പ്രതിഷ്ഠയ്ക്കായി ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കുക. ഈ കലശങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭക്തര്‍ സ്പോണ്‍സര്‍ ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ അഞ്ച് സ്വര്‍ണക്കലശങ്ങളുമുണ്ട്. കലശകുംഭങ്ങള്‍ എല്ലാം അഭിഷേകം ചെയ്തശേഷം സ്പോണ്‍സര്‍ ചെയ്യുന്ന ഭക്തര്‍ക്കു നല്‍കുന്നതാണ്.

പിറ്റേന്നത്തെ പ്രതിഷ്ഠയ്ക്കുവേണ്ടി ശ്രീകോവിലും പ്രതിഷ്ഠാപീഠങ്ങളും ശുദ്ധിചെയ്ത് വേണ്ട കര്‍മങ്ങള്‍ ചെയ്തു തയാറാക്കുകയാണ് അഞ്ചാം ദിവസം. ആറാം ദിവസം പീഠം, നപുംസകശില എന്നിവയുടെ പ്രതിഷ്ഠയോടെ വിഗ്രഹപ്രതിഷ്ഠ എന്ന മഹാകര്‍മം നടക്കുന്നു. ഹിന്ദുവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പന്‍ വിഷ്ണു രൂപമാകയാല്‍ പ്രതിഷ്ഠച്ചടങ്ങില്‍ മുപ്പത്തിമുക്കോടി ദേവകളും സന്നിഹിതരാകും എന്നു വയ്പ്. ഈ ചടങ്ങില്‍ ഭാഗമാകുന്നത് ഒരു പുരുഷായുസില്‍ ലഭിക്കുന്ന അപൂര്‍വ അവസരമാണ്.

പുതിയ പ്രതിഷ്ഠ കഴിഞ്ഞാല്‍ രണ്ടുദിവസം ക്ഷേത്രം തുറക്കുകയില്ല. കൃത്യമായി നടക്കുന്ന പൂജകള്‍ ക്ഷേത്ര നടയിലായിരിക്കും.

ഒമ്പതാം ദിവസം രാവിലെ ആറു മുതല്‍ ഏഴു വരെ നടക്കുന്ന ചടങ്ങില്‍ സമാധിയില്‍ ആണ്ട യോഗീശ്വരനായ ദേവനെ ഉണര്‍ത്തുകയാണ്. പ്രതിഷ്ഠയ്ക്കുശേഷം നട അടച്ചപ്പോള്‍ ഉണ്ടായിരുന്ന എല്ലാ ഭക്തരും നട തുറക്കുമ്പോഴും ഉണ്ടാകണം എന്നതു വിശ്വാസം. അങ്ങനെ ദര്‍ശനം ലഭിക്കുന്നവര്‍ ഭക്തിയാല്‍ മോക്ഷമാര്‍ഗത്തിലെത്തി നില്‍ക്കുന്നു എന്നും വിശ്വാസം.

ഏപ്രില്‍ 27 മുതല്‍ മേയ് രണ്ടുവരെ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ നടക്കും.

പ്രതിഷ്ഠയുടെ ഒമ്പതു നാളുകളിലും എത്തുന്നവര്‍ക്കെല്ലാം അന്നദാനം നല്‍കും. ഇതിനായി വിമന്‍സ് ഫോറം നേതൃത്വം നല്‍കുമെന്നും സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

ടെക്സസിനു പുറത്തുനിന്ന് എത്തുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ സൌകര്യങ്ങളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് ട്രഷറര്‍ ശങ്കരന്‍ തങ്കപ്പന്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഷണ്‍മുഖന്‍ പറഞ്ഞു.

ഹൂസ്റണ്‍ സിറ്റിയുടെ തെക്കേ അറ്റത്ത് സ്റാഫോര്‍ഡ്, മിസോറിസിറ്റി, ഷുഗര്‍ലാന്‍ഡ് എന്നീ സിറ്റികളില്‍ ിന്നും 10 മൈല്‍ ചുറ്റളവിലാണ് അഞ്ച് ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം. ഇതിനോടകം ഒന്നര മില്യന്‍ ഡോളര്‍ ചെലവു ചെയ്ത് നിര്‍മിച്ച ക്ഷേത്രത്തിന്റെ മുഴുവന്‍ നേതൃത്വവും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിക്കായിരുന്നു. അമേരിക്കയിലെ നാനാജാതി മതസ്ഥരുടേയും സഹായം ക്ഷേത്ര നിര്‍മിതിക്കുണ്ടായെന്നും പ്രസിഡന്റ് രാജഗോപാലപിള്ള സ്മരിച്ചു.

പൂര്‍ണമായും കേരളത്തനിമയിലുള്ള അമേരിക്കയിലെ ആദ്യ ക്ഷേത്രം ഏപ്രില്‍ 27നു സമാധാന ജീവിതം ആഗ്രഹിക്കുന്ന പുതുതലമുറയ്ക്കായി സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം