സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹികനീതി നേടാന്‍ സാധിക്കൂ: വെള്ളാപ്പള്ളി നടേശന്‍
Tuesday, March 31, 2015 6:20 AM IST
ന്യൂഡല്‍ഹി : സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹിക നീതി നേടാന്‍ സാധിക്കൂ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേരളത്തിന്റെ പതിന്നാലു ജില്ലകളില്‍നിന്നുമുള്ളവര്‍ താമസിക്കുന്ന ഡല്‍ഹിയില്‍ ഒരേ മനസോടെ നിന്നുകൊണ്ട് ഒത്തൊരുമിച്ചു പ്രവത്തിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നും പ്രാര്‍ഥനകൊണ്ടു മാത്രമല്ല ആത്മാവിനെക്കൂടാതെ ആമാശയത്തെക്കൂടി നിലനിര്‍ത്തുവാനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമര്‍പ്പണവും രോഹിണി ഗുപ്താ കോളനിയിലെ ശ്രീ നാരായണ ഗുരുദേവ നഗറില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈരാഗ്യമില്ലാതെ ഒരമ്മയുടെ ഉദരത്തില്‍നിന്നു ജനിച്ചവരെപ്പോലെ വാഴണം എന്നാണു ഗുരു പറഞ്ഞത്. ആത്മീയമായ അടിത്തറയില്‍ നിന്നുകൊണ്ട് കരുത്തുനേടുവാനും ആരുടെയും അവകാശങ്ങള്‍ പിടിച്ചുപറ്റാതെ ഭരണത്തിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ അര്‍ഹമായ പങ്കാളിത്തം നേടിയെടുക്കുവാന്‍ പ്രയത്നിക്കണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.

എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശനും വനിതാ സംഘം ജനറല്‍ സെക്രട്ടറി സംഗീതാ വിശ്വനാഥനും ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു. മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളിധരന്‍, യൂത്ത് മൂവ്മെന്റ് സ്ഥാപക പ്രസിഡന്റ് എസ്. സുവര്‍ണ കുമാര്‍, കേരള ഹൌസ് ലോ ഓഫീസര്‍ ഷീല ആര്‍. ചന്ദ്രന്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്് എ.ടി. സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍, വൈസ് പ്രസിഡന്റ് എം.ആര്‍. കോമളകുമാരന്‍, സെക്രട്ടറി കല്ലറ മനോജ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ. അനില്‍ കുമാര്‍, വനിതാ സംഘം ഡല്‍ഹി പ്രസിഡന്റ് ഓമന മധു, ആക്ടിംഗ് സെക്രട്ടറി സുമതി ചെല്ലപ്പന്‍, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി.കെ. കുട്ടപ്പന്‍, മുന്‍ സെക്രട്ടറി സി.കെ. പ്രിന്‍സ്, എസ്. തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആസ്ഥാന മന്ദിര ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം നിര്‍വഹിച്ച ടി.പി. മണിയപ്പന്‍, കെ.ജി. സുനില്‍, എന്‍. സുരേന്ദ്രന്‍, എം.കെ. അനില്‍ കുമാര്‍, ടി.എസ്. അനില്‍, ശ്രീകോവില്‍ നിര്‍മാണം വഴിപാടായി സമര്‍പ്പിച്ച കൊല്ലം മയ്യനാട് സ്വദേശി ഡോ. കെ. സുധാകരന്‍ (അലൈന്‍ യുഎഇ), ഗുരുദേവ പഞ്ചലോഹ വിഗ്രഹം വഴിപാടായി സമര്‍പ്പിച്ച കാല്‍കാജി ശാഖായോഗം യൂണിയന്‍ കമ്മിറ്റി അംഗം പി. രമേശന്‍, ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ കൈയെഴുത്തിനു അംഗീകാരം നേടിയ ശ്യാമളന്‍ പി. പരമന്‍, മുന്‍കാല യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

ശ്രേയ, നീതു, ഉഷ സാബു, മായ എന്നിവര്‍ ആലപിച്ച ദൈവദശകത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. പത്തിയൂര്‍ രവിയും ശാന്തകുമാറുമായിരുന്നു അവതാരകര്‍. ഡല്‍ഹി യൂണിയന്റെ കീഴിലുള്ള 26 ശാഖകളില്‍നിന്നും കുടുംബ സമേതം അംഗങ്ങള്‍ പങ്കെടുത്തു. യൂണിയന്‍ കൌണ്‍സിലര്‍മാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, ശാഖാ പ്രസിഡന്റുമാര്‍, ശാഖാ സെക്രട്ടറിമാര്‍, വനിതാ സംഘം ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനിന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി