ജര്‍മന്‍ വിംഗ്സ് വിമാന ദുരന്തം; നഷ്ടപരിഹാരം 279 കോടി യൂറോ
Tuesday, March 31, 2015 8:09 AM IST
ബര്‍ലിന്‍: ജര്‍മന്‍ വിംഗ്സ് വിമാന ദുരന്തത്തില്‍ മരിച്ച 150 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ലുഫ്താന്‍സ 279 മില്യന്‍ യൂറോ നഷ്ടപരിഹാരം നല്‍കും. ഇന്‍ഷ്വറന്‍സ് കമ്പനി അലിയാന്‍സ് മുഖേനയായിരിക്കും തുക നല്‍കുകയെന്നു ലുഫ്ത്താന്‍സ അറിയിച്ചു.

ഓരോ യാത്രക്കാരന്റെയും ബന്ധുക്കള്‍ക്ക് ഏകദേശം എട്ടര ലക്ഷം യൂറോയായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുക.

ഇതിനിടെ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര നഷ്ടപരിഹാരമായി 50,000 യൂറോ വീതം ലുഫ്താന്‍സാ നല്‍കിയിരുന്നു. വിമാനം അപകടത്തില്‍ തകര്‍ന്നാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് 105000 പൌണ്ട് വീതം നഷ്ടപരിഹാരം നല്‍കണമെന്നാണു നിയമം. ഭ്രാന്തനായ പൈലറ്റിനെ വിമാനം പറത്താന്‍ അനുവദിച്ചതിനാല്‍ അപകടം വിമാനക്കമ്പനിയുടെ പിഴവുമൂലമാണ്. അങ്ങനെ വിമാനക്കമ്പനികളുടെ പിഴവുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വന്‍ നഷ്ടപരിഹാരമാണു നല്‍കേണ്ടിവരുന്നത്. ഇതനുസരിച്ച് ലുഫ്താന്‍സയ്ക്കെതിരേ യാത്രക്കാരുടെ ബന്ധുക്കള്‍ കൂട്ടമായി കേസുകൊടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍