രുചിവൈവിധ്യമൊരുക്കി ഇറ്റാലിയന്‍ കുലിനറി എക്സ്പോ
Wednesday, April 1, 2015 8:02 AM IST
ബംഗളൂരു: ഐടി നഗരത്തിന്റെ രസമുകുളങ്ങള്‍ക്കു രുചിവൈവിധ്യം പകര്‍ന്ന് എയിംസ് ഇറ്റാലിയന്‍ കുലിനറി എക്സ്പോ. ഇന്ത്യന്‍ തനതു രുചികളെയും ഇറ്റാലിയന്‍ വിഭവങ്ങളെയും സംയോജിപ്പിച്ചു നടത്തിയ എക്സ്പോയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പീനിയ എയിംസ് സ്കൂള്‍ ഓഫ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം വിഭാഗം ഇറ്റാലിയന്‍ വിഭവങ്ങളുടെ പരിശീലനകേന്ദ്രമായ ആല്‍മയുടെ സഹകരണത്തോടെയാണ് എക്സ്പോ-2015 സംഘടിപ്പിച്ചത്. 25 മുതല്‍ 27 വരെ എയിംസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്സ്പോ പ്രശസ്ത ഇറ്റാലിയന്‍ ഷെഫുമാരായ അന്റോണിയ ടാര്‍ഡി, ക്രിസ്ത്യന്‍ ബ്രോഗ്ളിയ, അര്‍മാന്‍ഡോ ഡി ഫിലിപ്പോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഷെഫ് മനീഷ് മെഹ്റോത്ര മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ഇന്ത്യന്‍ ഷെഫ് അഭിജിത് സാഹ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങില്‍ എയിംസ് ഇന്‍സ്റിറ്റ്യൂട്ട്സ് സിഇഒ ഡോ. കിരണ്‍ ജി. റെഡ്ഡി അധ്യക്ഷത വഹിച്ചു. എയിംസ് രജിസ്ട്രാര്‍ ഡോ. ഷെറി കുര്യന്‍, പ്രിയാനന്ദന്‍ റെഡ്ഡി, ആല്‍മ മാര്‍ക്കറ്റിംഗ് മാനേജര്‍ സണ്ണി മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശസ്ത ഇറ്റാലിയന്‍ മാസ്റര്‍ ഷെഫുമാരില്‍ നിന്ന് വിവിധ ഇറ്റാലിയന്‍ വിഭവങ്ങളെക്കുറിച്ചുനേരിട്ടു മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരമൊരുക്കിയിരുന്നു. ഇതോടനുബന്ധിച്ച് കുലിനറി ക്വിസ് മത്സരം, കുക്കിംഗ് ഡെമോ, കുക്കിംഗ് മത്സരം, കുക്കറി ഷോ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.