ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ഫാമിലി നൈറ്റ് ഏപ്രില്‍ 26നു ന്യൂയോര്‍ക്കില്‍
Thursday, April 2, 2015 3:50 AM IST
ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎഎംസിസി) ഏപ്രില്‍ 26നു ന്യൂയോര്‍ക്കില്‍ കുടുംബസംഗമം സംഘടിപ്പിക്കുന്നതായി ഐഎഎംസിസി പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു. ഐഎഎംസിസിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റ് പ്ളേന്‍സിലുള്ള റോയല്‍ പാലസ് ബാങ്കറ്റ് ഹാളില്‍ വൈകുന്നേരം ആറിനു ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഐഎഎംസിസി ഇവന്‍റ്റ് കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ (ട്രേഡ്) ജി. ശ്രീനിവാസ റാവു മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.

അമേരിക്കയിലെ മലയാളി ബിസിനസ് സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് അമേരിക്കയിലും ഇന്ത്യയിലുമായി സമീപകാലത്ത് നടത്തിയ ബിസിനസ് സമ്മേളനങ്ങള്‍ വിജയകരമായിരുന്നു. അമേരിക്കയിലുള്ള മലയാളികളായ ബിസിനസ് സംരംഭകര്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ എന്തെന്നു മനസിലാക്കി അവ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും പരസ്പര സഹകരണം ഉറപ്പിക്കുകയും ചെയ്യാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഐഎഎംസിസി എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു.

ഐഎഎംസിസി വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍, മുന്‍ പ്രസിഡന്റ് റോയ് എണ്ണശേരില്‍, നെറ്റ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ തുടങ്ങിയവര്‍ കുടുംബസംഗമ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. ബിസിനസ്, സാമൂഹ്യ, സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ കുടുംബസംഗമത്തില്‍ പങ്കുചേരാന്‍ എത്തുന്നുണ്ട്. ആസ്വാദ്യകരമായ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: വിനീത നായര്‍