നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ യാത്രാമംഗളങ്ങള്‍ ഏറ്റുവാങ്ങി റവ. ഷാജി തോമസ്
Saturday, April 4, 2015 8:30 AM IST
ഫിലാഡല്‍ഫിയ: മാര്‍ത്തോമ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന് കര്‍മനിരതമായ നേതൃത്വം നല്‍കിയ ഉപാധ്യക്ഷന്‍ റവ. ഷാജി തോമസിനു ഭദ്രാസന യുവജന സഖ്യം സ്നേഹോഷ്മളമായ സ്വീകരണം നല്‍കി.

ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ദേവാലയത്തില്‍ സംഘടിപ്പിച്ച ഭദ്രാസന യുവജനസഖ്യത്തിന്റെ യാത്രയയപ്പു സമ്മേളനം റവ. ഷാജി തോമസിനോടുള്ള സഖ്യാംഗങ്ങളുടെ സ്നേഹ നിര്‍ഭരമായ യാത്രാ ആശംസകളുടെ വേദിയായി മാറി.

സഭയുടെ ക്രമീകരണം അനുസരിച്ച് കേരളത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഷാജി തോമസ് കഴിഞ്ഞ നാളുകളില്‍ സമാനതകളില്ലാത്ത നേതൃത്വമാണ് ഭദ്രാസന യുവജനസഖ്യത്തിന് നല്‍കിയത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തു കേന്ദ്രീകൃത പ്രവര്‍ത്തനശൈലിയിലൂടെ പുതിയ കര്‍മ പരിപാടികള്‍ കാഴ്ച വയ്ക്കാനായി റവ. ഷാജിയുടെ നേതൃത്വത്തിലൂടെ ഭദ്രാസന യുവജനസഖ്യത്തിനു സാധിച്ചു. യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മിഷന്‍ ബോര്‍ഡ്, യുവധാര, കട്ടാക്കട വൃദ്ധസദനം സഹായ പദ്ധതി, ഭദ്രാസന യുവജന സമ്മേളനം, യുവജനവാരം, പഠന സമ്മേളനങ്ങള്‍, റീജണ്‍ സെന്റര്‍ ശാഖാ തല പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടിയ പ്രവര്‍ത്തന ശൈലിക്കുടമായായിരുന്ന ഷാജി തോമസിന്റെ നേതൃത്വം ഭദ്രാസന യുവജന സഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധന്യമായ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു.

ഭദ്രാസന യുവജനസഖ്യത്തിന്റെ പുതിയ ഉപാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ഇടവക വികാരികൂടിയായിരിക്കുന്ന റവ. ബിനു ശാമുവലിനെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുകയും പുതിയ കര്‍മപരിപാടികളിലൂടെ സഖ്യത്തെ മുന്നോട്ടു നയിക്കുവാന്‍ ദൈവം ബലപ്പെടുത്തട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

സമ്മേളനത്തില്‍ റവ. ബിനു സി. ശാമുവല്‍ മുഖ്യ ധ്യാന പ്രഘോഷണം നടത്തി. അസന്‍ഷന്‍ മാര്‍ത്തോമ യുവജനസഖ്യം സെക്രട്ടറി ജോജി സാമുവല്‍ സമ്മേളനത്തിനെത്തിയ ഏവരേയും സ്വാഗതം ചെയ്തു. ഭദ്രാസന യുവജനസഖ്യത്തിന്റെ സ്നേഹോപഹാരം ട്രഷറര്‍ മാത്യു തോമസ് റവ. ഷാജിക്ക് സമ്മാനിക്കുകയും യോഗത്തിനെത്തിയ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

യുവജനസഖ്യം ഭദ്രാസന സെക്രട്ടറി റെജി ജോസഫ്, മുന്‍ യുവജനസഖ്യം കൌണ്‍സില്‍ അംഗം ബിനു സി. തോമസ് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു. അസന്‍ഷന്‍ മാര്‍ത്തോമ ഗായക സംഘം, ക്രിസ്തോസ് മാര്‍ത്തോമ ഗായക സംഘം എന്നിവര്‍ ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്നു റവ. ഷാജി തോമസ് ഭദ്രാസന യുവജന സഖ്യമായി കഴിഞ്ഞ നാളുകളില്‍ ലഭിച്ച നിര്‍ലോഭമായ സഹകരണത്തിനും സ്നേഹത്തിനും നന്ദി അര്‍പ്പിച്ചു സംസാരിക്കുകയും തുടര്‍ന്നുളള സഖ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ ആശംസകളും നേരുകയും ചെയ്തു. റവ. ഷാജിക്കൊപ്പം ഭാര്യ ബീന, മക്കളായ ഐറിന്‍, ജോവാന്‍ എന്നിവരും യാത്രയയപ്പു സമ്മേളനത്തില്‍ പങ്കെടുത്തു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം