സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ പെസഹാ ആചരണം
Saturday, April 4, 2015 8:35 AM IST
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും വിശുദ്ധകുര്‍ബാന സ്ഥാപനത്തിന്റേയും ഓര്‍മ പുതുക്കി ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ ആചരണം ഭക്തിനിര്‍ഭരമായി നടന്നു.

ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി അത്യുന്ന സ്നേഹത്തിന്റേയും എളിമയുടേയും മഹനീയ മാതൃക നല്‍കിയ ദൈവപുത്രന്റെ പ്രവൃത്തിയുടെ സ്മരണയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുകയും തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

കുടുംബ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ കുടുംബങ്ങളിലെ പരസ്പര സമര്‍പ്പണത്തോടെയും സ്നേഹത്തോടെയുമുള്ള കൂദാശയ്ക്കടുത്ത ജീവിതവും ദിവ്യബലി സമര്‍പ്പണവും ഒന്നുപോലെ ഉത്തമമാണെന്ന് മാര്‍ അങ്ങാടിയത്ത് സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. പൌരോഹിത്യസ്ഥാപനത്തിന്റെ ഓര്‍മ പുതുക്കുന്ന ഈ വേളയില്‍ പൌരോഹിത്യവും ദിവ്യബലിയും പരസ്പര പൂരകങ്ങളാണെന്നും മാര്‍ അങ്ങാടിയത്ത് പറഞ്ഞു. ഇടവക വികാരി റവ.ഡോ.. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരായി.

തുടര്‍ന്നു ചാപ്പലിലേക്കുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, പാതിരാ വരെ ആരാധനയും നടന്നു. പാരിഷ് ഹാളില്‍ പരമ്പരാഗത രീതിയില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ നടത്തി. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം