കനേഡിയന്‍ സര്‍ക്കാര്‍ താല്‍കാലിക തൊഴിലാളികള്‍ക്കെതിരെ നടപടി ആരംഭിച്ചു
Saturday, April 4, 2015 8:40 AM IST
ടൊറന്റോ: കാനഡയില്‍ താത്കാലിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരത്തിലധികം വരുന്ന തൊഴിലാളികള്‍ക്കുനേരെ ഗവണ്‍മെന്റ് കര്‍ശന നടപടിക്കൊരുങ്ങുന്നു.

ബേക്കറി, ഹോട്ടല്‍, ലോഡിംഗ്, മീറ്റ് കട്ടര്‍ എന്നിങ്ങനെ സാങ്കേതിക മികവു കുറവ് ആവശ്യമുള്ള ജോലികളില്‍ എര്‍പ്പെട്ടിരുന്ന താത്കാലിക തൊഴിലാളികള്‍ക്കുനേരെ ആണ് നടപടി എടുക്കുന്നത്.

2011 ല്‍ കാനഡ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഓര്‍ഡര്‍ അനുസരിച്ച് സ്ഥിര താമസത്തിനുള്ള രേഖകള്‍ക്കുവേണ്ടി അപേക്ഷിച്ച് കൈപറ്റുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ ഒന്നിന് അവസാനിച്ചതോടെയാണ് സര്‍ക്കാര്‍ നടപടിക്കു ഒരുങ്ങുന്നത്. ആല്‍ബെര്‍ട്ട പോലുള്ള സ്ഥലങ്ങളില്‍ ബന്ധപ്പെട്ട രേഖകളില്ലാതെ കഴിയുന്നവര്‍ നിരവധിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാലു വര്‍ഷത്തില്‍ കൂടുതലായി മതിയായ രേഖകള്‍ ഇല്ലാതെ കാനഡയില്‍ താമസിക്കുന്നവരും സ്ഥിര താമസ വീസക്ക് അപേക്ഷിക്കാത്തവരും അപേക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ടവരുമായ തൊഴിലാളികള്‍ക്കുനേരെയാണ് നടപടി വരിക.

ഇത് രാജ്യത്തെ എത്രത്തോളം തൊഴിലാളികളെ ബാധിക്കും എന്നതിനെപ്പറ്റി സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്റിപെന്റന്റ് ബിസിനസ്, അല്‍ബെര്‍ട്ട് ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്നീ സംഘടകള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ആല്‍ബെര്‍ട്ടയില്‍ ഇതുപോലുള്ള തൊഴിലാളികളുടെ എണ്ണം പതിനായിരം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റു പ്രൊവിന്‍സുകളുടെ കണക്കുകള്‍ അറിവായിട്ടില്ല.

കാനഡയിലെ സ്ഥിര താമസക്കാര്‍ക്കും പൌരന്മാര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനുവേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുക എന്ന നടപടിയുമായി കനേഡിയന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നടപടി പൊതുജനങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള