സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ഉയിര്‍പ്പ് തിരുനാള്‍
Tuesday, April 7, 2015 5:14 AM IST
ഷിക്കാഗോ: ഈസ്റര്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വിശ്വാസികള്‍ ഭക്തിയോടെആഘോഷിച്ചു. ഏപ്രില്‍ നാലാം തീയതി (ശനിയാഴ്ച) വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ക്കു സാക്ഷികളായ വിശ്വാസികളേവര്‍ക്കും ഭക്തിനിര്‍ഭരമായ പ്രാര്‍ഥനകളും മനോഹരമായ ദൃശ്യാവിഷ്കാരവും തങ്ങളുടെ വിശ്വാസത്തെ ബലവത്താക്കുള്ള അനുഭവമാക്കി മാറ്റി.

വിശ്വാസരഹസ്യങ്ങളില്‍ ഏറ്റവും പ്രധാനമായ പീഡാനുഭവവും കുരിശുമരണവും, ഉത്ഥാനവും ഏറ്റവും ശരിയായ അര്‍ഥത്തില്‍ മനസിലാക്കി ജീവിക്കാന്‍ രൂപതാധ്യക്ഷന്‍ ഏവരെയും ആഹ്വാനം ചെയ്തു. പൌരോഹിത്യവര്‍ഷവും, കുടുംബവര്‍ഷവും ഒന്നിച്ച് ആചരിക്കുന്ന ഈ വേളയില്‍ വിളിക്കനുസരിച്ച പ്രാര്‍ഥനാജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദാഹരണങ്ങളിലൂടെ ബഹുമാനപ്പെട്ട പിതാവ് വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല മാതൃകകളാകുവാനും പിതാവ് ഏവരെയും ഉത്ബോധിപ്പിച്ചു. ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സഹകാര്‍മികനായി. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി നടന്ന ഇംഗ്ളീഷ് തിരുക്കര്‍മങ്ങള്‍ക്ക് അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, ഫാ. മൈക്കിള്‍ ബെഞ്ചമിന്‍ എന്നിവര്‍ കാര്‍മികരായി.

പീഡാനുഭവവാര തിരുക്കര്‍മങ്ങളില്‍ സജീവമായി പങ്കെടുക്കുകയും, സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൃതജ്ഞത അറിയിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം