അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി സീനിയര്‍ ഡപ്യൂട്ടി അനു സുകുമാര്‍
Tuesday, April 7, 2015 5:15 AM IST
അറ്റ്ലാന്റ: ഫോമായുടെ സൌത്ത്ഈസ്റ് റീജിയണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റും ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായ അനു സുകുമാറിന് ജോര്‍ജിയ സംസ്ഥാനത്തിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ ഡെപ്യൂട്ടി ആയി ഫീല്‍ഡ് ഓപറേഷന്‍സ് വിഭാഗത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചു.

സൌമ്യത മുഖമുദ്രയാക്കിയ അനു, 1983ല്‍ കേരളത്തിലെ പത്തനതിട്ടയില്‍നിന്ന് അമേരിക്കന്‍ ഐക്യ നാടുകളിലേക്കു കുടിയേറി. 2006ല്‍ ഇമിഗ്രേഷന്‍ ടാസ്ക് ഫോഴ്സിലാണു പോലീസ് ഡിപാര്‍ട്ട്മെന്റിലെ തന്റെ ഔദ്യാഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സെക്സ് ക്രൈംസ്, സൈബര്‍ ക്രൈംസ്, ഫാമിലി വയലന്‍സ് എന്നീ വിഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചു. 2012ല്‍ ഫീല്‍ഡ് ട്രെയ്നിംഗ് ഓഫീസര്‍ ആയി അദ്ദേഹത്തിനു സ്ഥാനകയറ്റം ലഭിച്ചു. 2011ല്‍ ഏറ്റവും നല്ല ഷൂട്ടര്‍ക്കുള്ള, ടോപ് ഗണ്‍ അവാര്‍ഡും, 2014ല്‍ ഏറ്റവും നല്ല ഫീല്‍ഡ് ട്രെയിനിംഗ് ഓഫീസറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010ല്‍ ഗാമായുടെ ജോയിന്റ് സെക്രട്ടറി, 2011ല്‍ സെക്രട്ടറി, 2013ല്‍ പ്രസിഡന്റ് എനീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യന്‍ അമേരിക്കന്‍ ലോ എന്‍ഫോഴ്സ്മെന്റ് അസോസിയേഷന്റെ ഫൌണ്ടിംഗ് മെമ്പര്‍ കൂടിയാണദ്ദേഹം.

ഭാര്യ ബിന്ദുവിനും മക്കള്‍ പല്ലവി, ആവണി എന്നിവര്‍ക്കൊപ്പം അറ്റലാന്റയിലാണു അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. ഫോമായുടെ 201416 ഭരണസമിതിയിലെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ട്രഷറര്‍ ജോയി ആന്തണി എന്നിവരുടെ റീജിയണായ, സൌത്ത്ഈസ്റ് റീജിയന്റെ ആര്‍വിപിആണ് അദ്ദേഹം. ഫോമായുടെ വളര്‍ച്ചയ്ക്ക് അനു സുകുമാറിനെ പോലുള്ള വ്യക്തികളുടെ സാന്നിധ്യം വളരെ ഗുണം ചെയ്യുമെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്