ഡല്‍ഹി മലയാളി അസോസിയേഷന്‍ വിശിഷ്ഠ സേവാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Tuesday, April 7, 2015 8:15 AM IST
ന്യൂഡല്‍ഹി : ഡല്‍ഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിഎംഎ ദിനാഘോഷങ്ങളുടെ ഭാഗമായി നല്‍കുന്ന ഈ വര്‍ഷത്തെ വിശിഷ്ഠ സേവാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഇന്ത്യക്ക് ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. കെ. രാധാകൃഷ്ണനെ ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്കാരം നല്‍കി ആദരിക്കുന്നു.

അര നൂറ്റാണ്ടുകാലം ഡിഎംഎയില്‍ സജീവമായി പ്രവര്‍ത്തിച്ച ഡിഎംഎ മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ സി.എല്‍. ആന്റണിയെ ഡിഎംഎ വിശിഷ്ഠ സേവാ പുരസ്കാരം നല്‍കി ആദരിക്കും.

ഡിഎംഎ ദിനമായ ഏപ്രില്‍ 14നു (ചൊവ്വ) വൈകുന്നേരം 5.30 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലുള്ള വെയിറ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.

ഡിഎംഎ പ്രസിഡന്റ് എ.ടി. സൈനുദിന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, മുന്‍ പ്രവാസികാര്യ മന്ത്രിയും ഡിഎംഎയുടെ രക്ഷാധികാരിയുമായ വയലാര്‍ രവി, കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്രസ് സെക്രട്ടറി ടു പ്രസിഡന്റ് ഓഫ് ഇന്ത്യാ, വേണു രാജാമണി, ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന 'പല്ലവി'യിലെ പ്രഗത്ഭ കലാകാരന്മാര്‍, സ്റാര്‍ സിംഗര്‍ ജോബി ജോണിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മെഗാ ഷോയും നടക്കും.

പ്രവേശനം തികച്ചും സൌജന്യമായി നടത്തുന്ന ഡിഎംഎ ദിനാഘോഷ പരിപാടികളില്‍ എല്ലാ ഏരിയകളില്‍ നിന്നും ആസ്വാദകര്‍ എത്തിച്ചേരുമെന്നു സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ. മുരളീധരന്‍ 9868123162.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി