ട്രിനിറ്റി മാര്‍ത്തോമ യുവജനസഖ്യം ദ്വിദിന റിട്രീറ്റ് നടത്തി
Wednesday, April 8, 2015 4:19 AM IST
ഹൂസ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ടെക്സസില്‍ സ്പ്രിംഗിലുള്ള ക്രെയ്മര്‍ യുണൈറ്റഡ് മെതഡിസ്റ് റിട്രീറ്റ് സെന്ററില്‍ മാര്‍ച്ച് 13, 14 തീയതികളില്‍ ദ്വിദിന റിട്രീറ്റ് നടത്തി.

നിങ്ങളുടെ പ്രകാശം പ്രകാശിപ്പിക്കുക എന്നി ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് റിട്രീറ്റ് സംഘടിപ്പിച്ചത്. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. കൊച്ചുകോശി ഏബ്രഹാം, യൂത്ത് ചാപ്ളെയിന്‍ റവ. റോയി തോമസ് എന്നിവര്‍ റിട്രീറ്റിനു നേതൃത്വം നല്‍കി. അനില്‍ വര്‍ഗീസ് കുട്ടികളുടെ സെഷന് നേതൃത്വം നല്‍കി. അറുപതില്‍ പരം പേര്‍ പങ്കെടുത്ത റിട്രീറ്റ് വൈവിധ്യമായ പരിപാടികള്‍ക്കൊണ്ട് വേറിട്ടതായി മാറി.

വൈദികര്‍ നേതൃത്വം നല്‍കിയ പഠനക്ളാസുകള്‍ ചിന്തോദീപകമായിരുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളിലും സംസ്കാരത്തിലും ജീവിക്കുന്ന പ്രവാസികളായ നമുക്ക് എങ്ങനെ നമ്മുടെ പ്രകാശം മറ്റുള്ളവരിലേക്ക് പകരുവാന്‍ സാധിക്കും എന്നുള്ളത് സംബന്ധിച്ച് അനുഗ്രഹകരമായ ദുതുകള്‍ നല്‍കി.

മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം പതിനാറാം വാക്യം ആധാരമാക്കി നല്‍കിയ ദൂതുകളില്‍ എങ്ങനെയാണ് നാം പ്രകാശം പരത്തേണ്ടത് എന്നത് വൈദികര്‍ വ്യക്തമാക്കി.

നമ്മെ ഏതു സാഹചര്യത്തിലാണോ ദൈവം ആക്കിയിരിക്കുന്നത് ആ സാഹചര്യത്തില്‍ പ്രകാശം പരത്തുവാന്‍ സാധിക്കണം. എല്ലാ യുവജനസഖ്യാംഗങ്ങളും നാം അധിവസിക്കുന്ന സമൂഹത്തില്‍ പ്രകാശം പരത്തുവാനുള്ള വെല്ലിവിളിയും ദൌത്യവും ഏറ്റെടുക്കണമെന്ന് വൈദികര്‍ ഉദ്ബോധിപ്പിച്ചു.

റിട്രീറ്റിനൊപ്പം കലാപരിപാടികളും നടന്നു. ക്യാമ്പ് ഫയര്‍ വിത്ത് സ്മോഴ്സ്, സ്കാവഞ്ചര്‍ ഹണ്ട്, ഫിഷിംഗ് ക്യാച്ച് ആന്‍ഡ് റിലീസ് തുടങ്ങി വിവിധ പരിപാടികള്‍ റിട്രീറ്റിനു മാറ്റു കൂട്ടി.

വൈസ് പ്രസിഡന്റ് മാത്യു പി. കുരികേശു, സെക്രട്ടറി ഷെറി ജേക്കബ്, വനിതാ സെക്രട്ടറി ഷീബ ടിറ്റി, വിനോദ് ചെറിയാന്‍, തോമസ് വര്‍ഗീസ്, ജൂബി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി