ബ്രോങ്ക്സ് സീറോ മലബാര്‍ ഫൊറോന ഈസ്റര്‍ ആഘോഷിച്ചു
Thursday, April 9, 2015 8:39 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ ഈസ്റര്‍ തിരുക്കര്‍മങ്ങള്‍, ഏപ്രില്‍ നാലിന് (ശനി) രാത്രി എട്ടിന്, ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

ഉഥിതനായ യേശുവിന്റെ തിരുസ്വരൂപവും വഹിച്ച് മെഴുകുതിരികളുമേന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണത്തില്‍ മാര്‍ ജോയ് ആലപ്പാട്ടിനോടൊപ്പം വിശ്വാസി സമൂഹവും പങ്കെടുത്തു. തുടര്‍ന്ന് ഈസ്റര്‍ സന്ദേശവും നല്‍കി.

സഹായ മെത്രാനായതിനുശേഷം ആദ്യമായി ഔദ്യോഗികമായി ബ്രോങ്ക്സ് ഇടവകയില്‍ എത്തിയ മാര്‍ ജോയ് ആലപ്പാട്ടിന് സമുചിതമായ സ്വീകരണവും നല്‍കി. പളളി മേടയില്‍ നിന്നും പാലിയത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടി ദേവാലയത്തിലേക്ക് ആനയിക്കപ്പെട്ട മാര്‍ ആലപ്പാട്ടിനെ പ്രധാന വാതിലില്‍ കത്തിച്ച മെഴുകുതിരി നല്‍കി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സ്വീകരിച്ചു.

ഇടവക സമൂഹത്തെ പ്രതിനിധീകരിച്ച് കൈക്കാരന്‍ സഖറിയാസ് ജോണ്‍ ബൊക്കെ നല്‍കി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങളില്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസിസ്റന്റ് വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൈക്കാരന്മാരായ സണ്ണി കൊലുറക്കര, ആന്റണി കൈതാരം എന്നിവര്‍ ചേര്‍ന്ന് ഇടവകയുടെ സ്നേഹോപകാരം മാര്‍ ജോയ് ആലപ്പാട്ടിനു സമ്മാനിച്ചു. സ്നേഹ വിരുന്നോടുകൂടി തിരുക്കര്‍മങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി