അരിസോണയില്‍ ശോഭനയുടെ നൃത്തശില്‍പ്പം 'കൃഷ്ണ' അരങ്ങേറ്റം മേയ് എട്ടിന്
Thursday, April 9, 2015 8:42 AM IST
ഫിനിക്സ്: മലയാളത്തിന്റെ പ്രിയനടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്‍പ്പം 'കൃഷ്ണ' അരിസോണയിലെത്തുന്നു. സ്കോട്ട്ടെയില്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ഓഡിറ്റോറിയത്തില്‍ മേയ് എട്ടിന് (വെള്ളി) വൈകുന്നേരം 6.30 നാണ് പരിപാടി.

അരിസോണയിലെ ഗോശാല, അയ്യപ്പ സമാജം എന്നീ ചാരിറ്റി സംഘടനകളുടെ ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശോഭനയുടെ മൂന്നു വര്‍ഷത്തെ കഠിന പ്രയത്നത്തിന്റെയും പരിശീലനത്തിന്റെയും സാക്ഷാത്കാരമാണു ഇംഗ്ളീഷ് ഭാഷയിലുള്ള 'കൃഷ്ണ'. ശോഭനയും മകള്‍ നാരായണിയടക്കം 16 ഓളം കലാകാരികള്‍ വേദിയില്‍ അണിനിരക്കും. പതിവു നൃത്തരൂപത്തിലല്ല ശോഭന കൃഷ്ണയെ ഒരുക്കിയിരിക്കുന്നത്. പൌരാണിക നൃത്തചാരുത മുതല്‍ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാധ്യതകള്‍ വരെ കൃഷ്ണയില്‍ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു.

ശ്രീകൃഷ്ണചരിതത്തില്‍നിന്നുള്ള ഏടാണ് കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭനയും സംഘവും അവതരിപ്പിക്കുന്നത്. മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ സ്റേജിലെ മായാകാഴ്ചകളായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണന്റെ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്െടങ്കിലും ഇംഗ്ളീഷില്‍ ആദ്യത്തെ നൃത്ത സംഗീത നാടകമാണ് കൃഷ്ണ. കര്‍ണാടിക് ക്ളാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും മലയാളവും ഇടകലര്‍ന്ന പശ്ചാത്തല സംഗീതമാണ് കൃഷ്ണയുടേത്.

എ.ആര്‍. റഹ്മാന്‍ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത താരങ്ങളായ ശബാനാ ആസ്മി, നന്ദിതാ ദാസ്, കങ്കണാ സെന്‍, മിലിന്ദ് സോമന്‍, തമിഴ് നടന്മാരായ സൂര്യ, പ്രഭു തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 623.455.1553, ദിലീപ് പിള്ള 4805167964. രാജേഷ് ബാബ 602.317.3082.

റിപ്പോര്‍ട്ട്: മനു നായര്‍