ജോസഫ് മാര്‍ ബെര്‍ണബാസിനു ഡിട്രോയിറ്റില്‍ ആവേശകരമായ സ്വീകരണം
Friday, April 10, 2015 7:28 AM IST
ഡിട്രോയിറ്റ്: മാര്‍ത്തോമ സഭയുടെ അടൂര്‍-മലേഷ്യ-സിംഗപ്പൂര്‍-ഓസ്ട്രേലിയ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പായ്ക്കു ഡിട്രോയിറ്റില്‍ വന്‍ സ്വീകരണം.

വിശുദ്ധ വാരത്തോടനുബന്ധിച്ചുളള ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കാന്‍ ഡിട്രോയിറ്റില്‍ എത്തിയ മാര്‍ ബര്‍ണബാസിനെ ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവക വികാരി റവ. സി. കെ. കൊച്ചുമോന്‍, ട്രസ്റി ജിബു പാലത്താനം, ലേ ലീഡര്‍ ഫിലിപ്പ് മാത്യു എന്നിവര്‍ ചേര്‍ന്ന് മെട്രോ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്നു ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയില്‍ നടന്ന പെസഹാ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ഇടവക സെക്രട്ടറി ജേക്കബ് തോമസ് സ്വാഗതം ആശംസിക്കുകയും ബൊക്കെ നല്‍കുകയും ചെയ്തു.

ദുഃഖ വെളളിയാഴ്ച ശുശ്രൂഷകള്‍ക്കു മാര്‍ ബര്‍ണബാസ് നേതൃത്വം നല്‍കി. ഡിട്രോയിറ്റ് മാര്‍ത്തോമ യുവജന സഖ്യം മാര്‍ ബര്‍ണബാസിനു സ്വീകരണം നല്‍കി. യുവജന സഖ്യം അംഗങ്ങളുമായി നടത്തിയ സംവാദത്തില്‍ കേന്ദ്ര പ്രസിഡന്റ് കൂടിയായ മാര്‍ ബര്‍ണബാസ് സഭയില്‍ ആത്മീയ വിപ്ളവത്തിനു യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ആഹ്വാനം ചെയ്തു. അമിത ആത്മീയത അപകടകരമായ അവസ്ഥയാണെന്നും ആത്മീയതയുടെ അതിര്‍വരമ്പുകള്‍ പുനര്‍നിര്‍വചിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല