വത്തിക്കാന്‍ കൌണ്‍സില്‍ നല്‍കിയത്
Friday, April 10, 2015 7:31 AM IST
ന്യൂയോര്‍ക്ക്: രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ അംഗീകരിച്ച പ്രമാണ രേഖയുടെ പുണ്യമാണ് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശയില്‍ വരെ കാര്യങ്ങള്‍ എത്തിച്ചതെന്ന് ഷിക്കാഗോ സെന്റ് തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്.

ഷിക്കാഗോയില്‍ നമുക്കായി രൂപത അനുവദിച്ചതും എന്തിനേറെ മാര്‍ ജേക്കബ് അങ്ങാടിയത്തിനെയും എന്നെയുമൊക്കെ മെത്രാന്മാരായി നിയമിച്ചതുമൊക്കെ വത്തിക്കാന്‍ കൌണ്‍സില്‍ പ്രമാണരേഖയുടെ അടിസ്ഥാനത്തിലാണ്. ഈ രേഖ അംഗീകരിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സമൂഹമായി സീറോ മലബാര്‍ സഭ മാറിയേനെ: കൂദാശാ കര്‍മങ്ങളുടെ ഭാഗമായി നടന്ന ദിവ്യബലിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ആലപ്പാട്ട്.

ആകെ പതിനാറ് പ്രമാണരേഖകള്‍ക്കാണ് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ അംഗീകാരം നല്‍കിയതെന്ന് സഭാ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. അതിലൊന്ന് പൌരസ്ത്യ സഭകളെ സംബന്ധിച്ചാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് പൌരസ്ത്യ സഭാംഗങ്ങള്‍ നല്ലൊരു സംഖ്യയുണ്െടങ്കില്‍ അവരുടെ ആചാരക്രമങ്ങള്‍ പിന്തുടരാന്‍ വേണ്ട സംവിധാനം ആ പ്രദേശത്തെ മുഖ്യധാരാ സഭാ വിഭാഗം ഒരുക്കണമെന്നു പ്രമാണരേഖ നിഷ്കര്‍ഷിക്കുന്നു. ഉദാഹരണത്തിന് അമേരിക്കയിലാണെങ്കില്‍ ഇവിടുത്തെ മുഖ്യധാരാ വിഭാഗമായ ലാറ്റിന്‍ ചര്‍ച്ചാണു സീറോ മലബാര്‍ ഉള്‍പ്പടെയുളള പൌരസ്ത്യ സഭകള്‍ക്കുവേണ്ട സംവിധാനം ഒരുക്കേണ്ടത്. യുക്രെനിയന്‍ ചര്‍ച്ച് പ്രബലമായ നില്‍ക്കുന്ന സ്ഥലങ്ങളില്‍ അവരാണ് ഇതിനുവേണ്ട സൌകര്യമൊരുക്കേണ്ടത്.

അമേരിക്കയിലെ സീറോ മലബാര്‍ രൂപത രൂപീകരണത്തിന്റെ തുടക്കവും ഈ പ്രമാണ രേഖയെ അടിസ്ഥാനമാക്കിയാണെന്ന് ഫാ. ജോസ് കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. ഇവിടുത്തെ സീറോ മലബാര്‍ സഭാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനുളള ചുമതല ഭരമേല്‍പ്പിച്ച് സഭാ നേതൃത്വം ഫാ. കണ്ടത്തിക്കുടിയെ അമേരിക്കയിലേക്കയക്കുന്നത് 20 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഷിക്കാഗോ കേന്ദ്രീകരിച്ചാണ് ഫാ. കണ്ടത്തിക്കുടി പ്രവര്‍ത്തനം നടത്തിയത്, തുടര്‍ന്ന് 1996 ല്‍ രാജ്കോട്ട് രൂപതാധ്യക്ഷന്‍ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയിലിനെ അപ്പസ്തോലിക് വിസിറ്ററായി നിയമിച്ചു. സീറോ മലബാര്‍ സഭാംഗങ്ങളെ സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മാര്‍പാപ്പക്ക് നല്‍കുകയായിരുന്നു അപ്പസ്തോലിക് വിസിറ്ററുടെ ചുമതല. കാലിഫോര്‍ണിയ മുതല്‍ അമേരിക്കയിലാകമാനമുളള 44 സിറ്റികളില്‍ മാര്‍ കരോട്ടെമ്പ്രയിലും ഫാ. ജോസ് കണ്ടത്തിക്കുടിയും പൌര്യടനം നടത്തി. ഇവിടുളള സീറോ മലബാര്‍ സഭാംഗങ്ങളുടെ എണ്ണവും വിശ്വാസജീവിതവും കണക്കിലെടുക്കുമ്പോള്‍ ഒരു രൂപത സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന റിപ്പോര്‍ട്ടാണ് മാര്‍ കരോട്ടെമ്പ്രയില്‍ 1998 ല്‍ മാര്‍പാപ്പയ്ക്ക് നല്‍കിയത്. റിപ്പോര്‍ട്ട് വിലയിരുത്തിയ വത്തിക്കാന്‍, രൂപത അനുവദിക്കുകയും ഷിക്കാഗോ കേന്ദ്രമായി 2001 മാര്‍ച്ച് 13 ന് സെന്റ് തോമസ് രൂപത നിലവില്‍ വരികയും ചെയ്തു.

നമ്മുടെ വേരുകള്‍ നിലനിര്‍ത്താന്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നല്‍കിയ അനുവാദത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ സഭാംഗങ്ങള്‍ക്ക് ദൌത്യമുണ്െടന്ന് മാര്‍ ജോയ് ആലപ്പാട്ട് ഓര്‍മിപ്പിച്ചു. വരും തലമുറകളിലേക്ക് ഈ വിശ്വാസദീപ്തി പകരാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് മാര്‍ ആലപ്പാട്ട് ഓര്‍മിപ്പിച്ചു.

വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടാണെങ്കിലും സ്വന്തം ആരാധനാലയം നേടിയ ലോംഗ് ഐലന്‍ഡ് സീറോ മലബാര്‍ സഭാംഗങ്ങളെ മാര്‍ ആലപ്പാട്ട് അനുമോദിച്ചു. കാശും കീശയിലിട്ട് ദേവാലയമില്ലാതെ നടക്കുന്നവരാണ് ലോംഗ് ഐലന്‍ഡുകാര്‍ എന്നായിരുന്നു ദേവാലയം സ്വന്തമാക്കാന്‍ വൈകുന്നതിലൂടെ തനിക്കുണ്ടായിരുന്ന ധാരണ. ഇതേക്കുറിച്ച് ഒരു സഭാംഗത്തോടു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു. നേരത്തെ വാങ്ങാന്‍ പറ്റാഞ്ഞിട്ടൊന്നുമല്ല, പക്ഷേ ആലപ്പാട്ടച്ചന്‍ മെത്രാനാവുന്നതുവരെ ഞങ്ങള്‍ കാക്കുകയായിരുന്നുവെന്നു മാത്രം.

കൂദാശാകര്‍മങ്ങള്‍ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ലോംഗ് ഐലന്‍ഡ് സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ ചരിത്രം സിസിഡി കോ-ഓര്‍ഡിനേറ്റര്‍ ബെറ്റി മേനാട്ടൂര്‍ വായിച്ചു. സീറോ മലബാര്‍ എന്നതിനെ പൊതുവായ അര്‍ഥത്തില്‍ ബെറ്റി വിശദീകരിച്ചത് ഇങ്ങനെയാണ്; 'ക്രിസ്ത്യന്‍ ഇന്‍ ഫെയ്ത്ത്, ഓറിയന്റല്‍ ഇന്‍ വര്‍ഷിപ്പ്, ഇന്ത്യന്‍ ഇന്‍ കള്‍ച്ചര്‍'.

യുവതലമുറയും സഭാ കാര്യങ്ങളില്‍ അതീവ താത്പര്യം കാട്ടുന്നുവെന്നത് കൂദാശ കര്‍മങ്ങളില്‍ പങ്കെടുത്ത യുവജനങ്ങളുടെ സാന്നിധ്യം വ്യക്തമാക്കി. പൊതുസമ്മേളനത്തില്‍ എംസിമാരായിരുന്ന യുവതലമുറയുടെ പ്രതിനിധികളായ ജെറി വട്ടമലയും മായ മാര്‍ട്ടിനും തങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ പാരമ്പര്യത്തില്‍ വളരാന്‍ സാധിച്ചതിന്റെ സദ്ഫലങ്ങള്‍ വിവരിച്ചു.

സ്വന്തം ആരാധനാലയം യാഥാര്‍ഥ്യമായതിനെ ജെറി വട്ടമല അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്; 'സീറോ മലബാര്‍ കുര്‍ബാന ദൈര്‍ഘ്യമേറിയതാ ണെന്നായിരുന്നു ഞങ്ങള്‍ യുവജനങ്ങളുടെ പരാതി. പക്ഷേ ഇന്നു മുതല്‍ ഈ ദൈര്‍ഘ്യത്തിനു കുറവു വരുമെന്ന് ഉറപ്പുണ്ട്. കാരണം സ്വന്തം ആരാധനാലയം ലഭിക്കുന്നതിനായി ഇനി മുട്ടിപ്പായി പ്രാര്‍ഥിക്കേണ്ടതില്ലല്ലോ'.

റിപ്പോര്‍ട്ട്: ജോസ് കണിയാലി