ഒന്റാരിയോവില്‍ അനധികൃത തൊഴില്‍ ചെയ്യുന്നവര്‍ക്കു നേരെ നടപടി വരുന്നു
Friday, April 10, 2015 7:34 AM IST
ഒന്റാരിയോ (കാനഡ): ഒന്റാരിയോവില്‍ അനധികൃത തൊഴില്‍ ചെയ്യുന്നവര്‍ക്കു നേരേ നടപടി വരുന്നു. വിദ്യാഭ്യാസ വീസയില്‍ വന്നിട്ടുള്ളവരും കാലാവധി കഴിഞ്ഞു നിയമപരമായ രേഖകളില്ലാതെയും ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നേരേയാണു നടപടിയുണ്ടാവുക.

കഴിഞ്ഞ ഡിസംബറില്‍ മാത്രം ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് കണക്കു പ്രകാരം 4300 തൊഴിലുകളാണു നഷ്ടം ആയിരിക്കുന്നത്. വിദ്യാഭ്യാസ വീസയില്‍ വരുന്നവര്‍ക്കു നിയമപരമായി 20 മണിക്കൂര്‍ ജോലി ചെയ്യുന്നതിനുള്ള അനുവാദം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നല്‍കി. ഇതിനായി പ്രത്യേക നിരക്കുകളും എര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഴ്ചയില്‍ അഞ്ചു ദിവസം പഠനം എന്നത് രണ്ട് അല്ലെങ്കില്‍ മൂന്നാക്കി ചുരുക്കുകയും ബാക്കി ദിനങ്ങളില്‍ കുട്ടികള്‍ ഹോട്ടല്‍, കച്ചവട സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയില്‍ 20 മണിക്കൂര്‍ എന്നതിനുപകരം 40, 60 മണിക്കൂറുകള്‍ വരെ വളരെ താഴ്ന്ന വേതനത്തില്‍ കാഷ് ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഇതുമൂലം കനേഡിയന്‍ പൌരന്മാര്‍,സ്ഥിര താമസക്കാര്‍ എന്നിവര്‍ക്ക് വന്‍ തോതിലുള്ള തൊഴില്‍ നഷ്ടവും സര്‍ക്കാരിനു ടാക്സ് ഇനത്തിലും തൊഴിലുടമകള്‍ വന്‍ നഷ്ടം വരുത്തിവയ്ക്കുന്നതായി അന്വേഷണത്തില്‍ കണ്െടത്തിയിട്ടുണ്ട്.

ഇതുപോലെ തൊഴിലില്‍ എര്‍പ്പെട്ടിരിക്കുന്നവര്‍ക്കു നേരേ ആജീവനാന്ത വീസ നിരോധനം കൂടാതെ, തത്സമയ ഡിപോടിന്ഗ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജിടിഎ നഗരത്തില്‍ ഒരു കടയില്‍ നടന്ന മോഷണത്തെ തുടര്‍ന്ന് ഇതുപോലെ തൊഴിലില്‍ എര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിക്കുനേരെ സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടപടി എടുത്തിരുന്നു. ഇതുപോലെ തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുനേരെയും നടപടികള്‍ ഉണ്ടാവുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അനധികൃത തൊഴില്‍ മൂലം സര്‍ക്കാരിനു പലതരത്തിലുള്ള നഷ്ടങ്ങള്‍ ആണ് ഉണ്ടാകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൊഴിലാളികളുടെ തൊഴില്‍ സമയ സുരക്ഷ, നികുതിയിനത്തില്‍ സര്‍ക്കാരിനു കിട്ടേണ്ടുന്ന വരുമാനം, പൌരന്മാര്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടദിനങ്ങളില്‍ സര്‍ക്കാര്‍ നല്‍കി വരുന്ന ഇഐ തുകയിലുണ്ടായ വര്‍ധന എന്നിവ സര്‍ക്കാരിനു വലിയ ബാധ്യത ആണ് ഉണ്ടാക്കിവച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഏറിയപങ്കും ജിടിഎ നഗരങ്ങളായ ടൊറന്റോ, സ്കാര്‍ബറൊ, ബ്രാംപ്ടന്‍ എന്നീ നഗരങ്ങളില്‍ ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

താത്കാലിക തൊഴില്‍ വീസയില്‍ വന്നു കാലാവധി തീര്‍ന്നിട്ടും പിആര്‍ അല്ലെങ്കില്‍ പൌരത്വം സ്വീകരിക്കാത്തവര്‍കെതിരേ ഏപ്രില്‍ ഒന്നു മുതല്‍ നടപടികള്‍ തുടങ്ങിയിരുന്നു.

റിപ്പോര്‍ട്ട് : ജയ്ശങ്കര്‍ പിള്ള