'കെ.എം. മാണിക്കോ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ ബാങ്കുമായി ഒരു ബന്ധവുമില്ല'
Saturday, April 11, 2015 6:58 AM IST
ന്യൂയോര്‍ക്ക്: ധനമന്ത്രി കെ.എം. മാണിക്കോ, ജോസ് കെ. മാണി എംപിക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കില്‍ നിക്ഷേപമോ ബന്ധമോ ഇല്ലെന്നു ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം പറഞ്ഞു.

ഹനോവര്‍ ബാങ്കില്‍ അവര്‍ക്കു നിക്ഷേപമുണ്െടന്നും അതേപറ്റി അന്വേഷിക്കണമെന്നും പി.സി.ജോര്‍ജ് എംഎല്‍എ പറയുന്നത് ടിവിയില്‍ താനും കാണുകയുണ്ടായി. ഇതിന്റെ സത്യാവസ്ഥ എന്തെന്നു ഒട്ടേറെ പേര്‍ തന്നോടു ചോദിക്കുകയും ചെയ്തു.

ലോംഗ് ഐലന്‍ഡ് കേന്ദ്രമായ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കുമായി ഒരു ഇടപാടും മാണി സാറിനോ കുടുംബാംഗങ്ങള്‍ക്കോ ഇല്ല. ഒന്‍പതു വര്‍ഷമായി താന്‍ ബാങ്കിന്റെ ഡയറക്ടറായിട്ട്. തനിക്കറിയാത്ത ഒരു കാര്യം കേരളത്തിലുള്ളവര്‍ എങ്ങനെ അറിഞ്ഞു എന്ന് മനസിലാവുന്നില്ല. രാഷ്ട്രീയ വിരോധമായിരിക്കാം എല്ലാറ്റിനും കാരണം.

മാണി സാറിന്റെ കുടുംബവും എന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പത്തു വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ മാണി സാര്‍ രോഗബാധിതനായപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചതു ഞാനാണ്. പത്തു ദിവസത്തോളം അദ്ദേഹം വളരെ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കിടന്നു. അന്നു മുതല്‍തന്നെ ഒരു സഹോദരനായാണു മാണി സാര്‍ കാണുന്നതും. അതിനപ്പുറമുള്ള ഒരു ബന്ധവും തങ്ങള്‍ക്കിടയിലില്ലെന്ന് പ്രമുഖ ബിസിനസുകാരനും പ്രവാസി ചാനല്‍ ഡയറക്ടറുമായ വര്‍ക്കി ഏബ്രഹാം പറഞ്ഞു.