ബോസ്റണില്‍ മായാമാധവം ഷോ അരങ്ങേറി
Monday, April 13, 2015 3:08 AM IST
ബോസ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ളണ്ടും (കെയിന്‍), ലാസ്യ സ്കൂള്‍ ഓഫ് ഡാന്‍സും നേതൃത്വം നല്‍കിയ സംഗീത നൃത്താവിഷ്കാരം 'മായാമാധവം' ന്യൂഇംഗ്ളണ്ടിലെ മലയാളികള്‍ക്കൊപ്പം മറ്റു ഭാഷാ സഹൃദയര്‍ക്കും നയനാനന്ദകരവും കര്‍ണ്ണാനനന്ദകരവുമായ ദൃശ്യവിരുന്നായി.

നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ളണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായ കെയിന്‍ ഈവര്‍ഷത്തെ ടാലന്റ് ഷോയോടനുബന്ധിച്ചാണ്, പത്തുവര്‍ഷത്തിലധികമായി നൂറുകണക്കിന് നൃത്തവിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായ ലാസ്യ സ്കൂള്‍ ഓഫ് ഡാന്‍സുമായി കൈകോര്‍ത്ത് ഇത്തരമൊരു കലാവിരുന്നിന് നേതൃത്വം കൊടുത്തത്.

കെയിന്‍ ടാലന്റ്ഷോ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത ഈ ദൃശ്യവിരുന്ന് വിജയിപ്പിക്കുന്നതില്‍ കെയിന്‍ പ്രസിഡന്റ് പ്രകാശ് നെല്ലൂര്‍വളപ്പില്‍, വൈസ് പ്രസിഡന്റ് ബാബു പുന്നൂസ്, സെക്രട്ടറി ജോസ് മോഹന്‍, ആര്‍ട്സ് സെക്രട്ടറി സിമി മാത്യു, ജോള്‍സണ്‍ വര്‍ഗീസ്, മാത്യു ചാക്കോ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ന്യൂഇംഗ്ളണ്ടിലെ കുട്ടികള്‍ക്ക് നടനവഴിയിലെ മാര്‍ക്ഷദര്‍ശിയായ സ്കൂള്‍ ഓഫ് ഡാന്‍സിലെ സ്വപ്നാ കൃഷ്ണനും ഏറെ അഭിമാനിക്കാന്‍ ഈ ദൃശ്യവിരുന്ന് കാരണമായി. കുര്യാക്കോസ് മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം