ഒന്റാരിയോ പുതിയ സ്കൂള്‍ സിലബസ് പരിഷ്കരണം പ്രതിഷേധം ശക്തം
Thursday, April 16, 2015 5:19 AM IST
ഒന്റാരിയോ: സ്കൂള്‍ തലത്തില്‍ കുട്ടികളുടെ സിലബസില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ വന്‍ പ്രതിഷേധത്തിന് ഇട നല്കി. ഇന്നു രാവിലെ മുതല്‍ പ്രൊവിന്‍ഷ്യല്‍ ലെജിസ്ളറ്റീവ് ഓഫീസിന് മുന്‍പിലെ മൈതാനിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളും, പ്ളാക്കാര്‍ഡുകളുമായി വന്‍ ജനകൂട്ടം നിലകൊണ്ടു. സെക്സ് എഡ്യൂക്കേഷന്റെ ഭാഗമായി പുതുതായി വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരേയാണു പ്രതിഷേധം അലയടിക്കുന്നത്.

ഉപതിരഞ്ഞെടുപ്പുകാലത്ത് ഇതു വലിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ്.
പ്രോഗ്രസീവ് കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിപിമാരായ മോന്റി മഗ്നറ്റനും, ജാക്ക് മാക്ളാരന്‍ എന്നിവര്‍ ഇതിനെതിരേ സംസാരിക്കുകയുണ്ടായി.

പുതിയ സിലബസ് പ്രകാരം മൂന്നാം ക്ളാസ് മുതല്‍ സ്വവര്‍ഗ ലൈംഗികത, നാലാം ക്ളാസില്‍ ഓണ്‍ലൈന്‍ സെക്സ് ബുള്ളീയിംഗ്, 5,6 ക്ളാസ്സുകളില്‍ സ്വയംഭോഗം എന്നീ വിഷയങ്ങള്‍ ആണു പഠിപ്പിക്കാന്‍ പുതിയ സിലബസ് നിഷ്കര്‍ഷിക്കുന്നത്. ഇതു തികച്ചു തെറ്റായ പഠന പദ്ധതി ആണ് എന്നും വേണ്ടത്ര പഠനങ്ങള്‍ നടത്താതെയുള്ള ഈ പദ്ധതി നടപ്പാക്കരുതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി വേണം ഇതുപോലുള്ള തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. 3000 ത്തില്‍ അധികം പേര്‍ ഇന്നു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

പുതിയ സിലബസ് നടപ്പാക്കുന്നതിനായി കാതറിന്‍ വൈന്‍ തിടുക്കം കൂട്ടുന്നതു മതിയായ പഠനം ഈ പദ്ധതിയെപറ്റി നടത്താതെ ആണെന്നു പ്രതിഷേധക്കാര്‍ അറിയിച്ചു. പുതിയ സാമൂഹിക ചുറ്റുപാടുകള്‍ അനുസരിച്ച് ഇപ്പോള്‍ ഉള്ള പഠന രീതിതന്നെ ആണ് ഉത്തമം എന്നാണു ഭൂരിഭാഗം അഭിപ്രായം.
എന്തായാലും കാനഡയിലെ ഉപതെരഞ്ഞെടുപ്പു വേളയില്‍ ഇത് വലിയ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കും.

റിപ്പോര്‍ട്ട്: ജയ് പിള്ള