പൂജ ചന്ദ്രശേഖര്‍ ഒരേസമയം 14 യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ച അതുല്യപ്രതിഭ
Thursday, April 16, 2015 6:39 AM IST
വെര്‍ജിനിയ: അമേരിക്കയിലെ ലോക പ്രശസ്തമായ ഹാര്‍വാര്‍ഡ്, പ്രിന്‍സ്റണ്‍, കൊളംബിയ ഉള്‍പ്പെടെ അപേക്ഷ നല്‍കിയ 14 ഉന്നത യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ച അത്യപൂര്‍വ ബഹുമതിക്ക് ഇന്ത്യന്‍ വിദ്യാര്‍ഥി പൂജ ചന്ദ്രശേഖര്‍ അര്‍ഹയായി.

വെര്‍ജിനിയയിലെ ഉയര്‍ന്ന റാങ്കുള്ള തോമസ് ജഫര്‍സണ്‍ എന്ന മാഗ്നറ്റ് ഹൈസ്കൂളില്‍നിന്നാണ് പൂജ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബംഗളൂരുവില്‍നിന്ന് കുടിയേറിയ എന്‍ജിനിയര്‍മാരായ മാതാപിതാക്കളുടെ ഏക മകളാണ് 17 കാരിയായ പൂജ. എസ്എടി 2400-ല്‍ 2390 സ്കോര്‍ ചെയ്ത് 4.57 ഗ്രേഡ് പോയിന്റും നേടിയ പൂജ 13 അഡ്വാന്‍സ്ഡ് പ്ളേയ്സ്മെന്റ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചു.

ഹാര്‍വാര്‍ഡ്, സ്റാന്‍ഫോര്‍ഡ്, ബ്രൌണ്‍ എന്നീ യൂണിവേഴ്സിറ്റിയില്‍ ഒരു യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ പഠനം തുടരുന്നതിനാണു പൂജയുടെ തീരുമാനം. ഒരാളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്േടാ എന്ന് 96 ശതമാനം കൃത്യതയോടെ പ്രവചിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്ളിക്കേഷന്‍ സ്വന്തമായി വികസിപ്പിക്കുന്നതില്‍ പൂജ വിജയിച്ചിട്ടുണ്ട്.

പ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിക്കുക അത്ര എളുപ്പമല്ലാത്തതിനാലാണ് ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 14 യൂണിവേഴ്സിറ്റികളിലും അപേക്ഷ സമര്‍പ്പിച്ചതെന്ന് പൂജ പറഞ്ഞു. അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൊയ്തെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പട്ടികയില്‍ തങ്കലിപികളില്‍ പൂജ ചന്ദ്രശേഖറിന്റെ പേരും ഇനി സ്ഥാനം പിടിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍