കര്‍ണാടകയില്‍ ജാതി സെന്‍സസിനു തുടക്കമായി
Friday, April 17, 2015 4:27 AM IST
ബംഗളൂരു: സംസ്ഥാനത്തെ ജാതി തിരിച്ചുള്ള ആദ്യ സെന്‍സസിന് തുടക്കമായി. 20 ദിവസം നീളുന്ന സെന്‍സസ് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി ഫ്ളാഗ് ഓഫ് ചെയ്തു. ബിബിഎംപി കമ്മീഷണര്‍ എം. ലക്ഷ്മിനാരായണ, പിന്നോക്ക വിഭാഗ കമ്മീഷണര്‍ എച്ച്. കന്തരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രിയും ഉദ്യോഗസ്ഥരും കോറമംഗല ഫിഫ്ത് ബ്ളോക്കിലെ ഒരു ഭവനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് ജാതിസെന്‍സസിനു തുടക്കമിട്ടത്. അതേസമയം ചില എന്യൂമറേറ്റര്‍മാര്‍ നേരത്തെ തന്നെ ഭവനസന്ദര്‍ശനം ആരംഭിച്ചിരുന്നു.

സെന്‍സസ് എടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ 55 ചോദ്യങ്ങളാണ് ചോദിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നിര്‍ബന്ധമല്ല. ഒന്നു മുതല്‍ 31 വരെയുള്ള ചോദ്യങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ചുള്ളവയും തുടര്‍ന്നുള്ളവ കുടുംബത്തെ സംബന്ധിച്ചുള്ളവയുമാണ്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബി- കോഡും പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് സി-കോഡുമാണ് നല്കുന്നത്.

മറ്റുള്ളവരെ എ-കോഡില്‍ രേഖപ്പെടുത്തും. സംവരണവും ആനുകൂല്യവും അര്‍ഹരായവര്‍ക്കു ലഭിക്കുന്നുണ്െടന്ന് ഉറപ്പാക്കാനാണ് ജാതി സെന്‍സസെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.