അഡ്ലെയ്ഡില്‍ പ്രഫ. കെ.വി. തോമസ് എംപിക്ക് ഊഷ്മള സ്വീകരണം നല്‍കി
Friday, April 17, 2015 7:52 AM IST
അഡ്ലെയ്ഡ്: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഓസ്ട്രേലിയായിലെ അഡ്ലെയ്ഡിലെത്തിയ പ്രഫ. കെ.വി. തോമസ് എംപിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ഒഐസിസി പ്രസിഡന്റ് ആന്റണി മാവേലിയുടെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തില്‍ ഒഐസിസിയുടെ എല്ലാ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഓസ്ട്രേലിയായിലെ പ്രവാസ ഇന്ത്യാക്കാരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രവാസ ഇന്ത്യാക്കാരെ സംബന്ധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ യാത്രാക്ളേശത്തിനു പരിഹാരം കാണാന്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് കൊച്ചിയില്‍ നിന്ന് അഡ്ലെയ്ഡിലേക്ക് ആരംഭിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. അതുപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിലും ബിസിനസ് മേഖലകളിലും എങ്ങനെ പ്രവാസ ഇന്ത്യാക്കാര്‍ക്ക് ഭാഗമാകാന്‍ കഴിയും, അതിനു വേണ്ടി കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ കെ.വി. തോമസുമായി ആശയവിനിമയം നടത്തി.

യോഗത്തില്‍ ഒഐസിസി രക്ഷാധികാരി സജി വര്‍ഗീസ് മൊമേന്റോ സമ്മാനിച്ചു. കമ്മിറ്റി അംഗങ്ങളായ ജിയോ ജോസ്, എബി മാത്യു, ജോമി പോള്‍, ബിനു മാത്യു, അമ്മ അസോസിയേഷന്‍ പ്രസിഡന്റ് വിമല്‍ ദാസ് കൊട്ടാരപ്പാട്ട്, കൈരളി കോഓര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ആന്റണി തോമസ്