മൂന്നു വര്‍ഷത്തെ ശുശ്രൂഷ പൂര്‍ത്തിയാക്കി റവ. ഒ.സി. കുര്യന്‍ നാട്ടിലേക്കു മടങ്ങുന്നു
Saturday, April 18, 2015 6:20 AM IST
ഡാളസ്: സെന്റ് പോള്‍സ് ഇടവകയില്‍ മൂന്നു വര്‍ഷത്തെ ശുശ്രൂഷ പൂര്‍ത്തിയാക്കി റവ. ഒ.സി കുര്യന്‍ ഏപ്രില്‍ 27നു നാട്ടിലേക്കു മടങ്ങുന്നു.

115 കുടുംബങ്ങള്‍ ഉള്ള മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ചെറിയ പള്ളിയാണു സെന്റ് പോള്‍സ് ഇടവക. അംഗ സംഖ്യയില്‍ ചെറുതാണെങ്കിലും അമേരികയിലെ മാര്‍ത്തോമ പള്ളികളില്‍ ഏറ്റവും ഭംഗിയുള്ളതും നാടന്‍ പള്ളികളോടു സാമ്യം തോന്നിക്കുന്ന രീതിയില്‍ പണി കഴിപ്പിച്ചിട്ടുള്ളതുമായ പ്രാര്‍ഥനാലയം. നാട്ടിലെ ഗ്രാമങ്ങളില്‍നിന്നു ഡാളസിലെ വിവിധ ഭാഗങ്ങളില താമസമാക്കിയിട്ടുള്ള മാര്‍ത്തോമ വിശ്വാസികളുടെ ആത്മീയ ആരാധനാ കേന്ദ്രം. വിവിധ സംസ്കാരങ്ങളുടെയും അഭിപ്രായങ്ങളുടെയും നടുവില്‍ പതറാതെ ക്രിസ്തു ദേവന്‍ പഠിപ്പിച്ച സ്നേഹത്തിന്റെ പാതയിലൂടെ ധന്യമായ ക്രിസ്തീയ ദൌത്യം പൂര്‍ത്തീകരിച്ചതിലുള്ള സംതൃപ്തി റവ. ഒ.സി കുര്യന്റെ മുഖത്തു ദര്‍ശിക്കാമായിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ റവ. ഒ.സി. കുര്യന്റെ സേവനത്തെ വിലയിരുത്തുമ്പോള്‍ ആധ്യാത്മികതയുടെ സുവര്‍ണ കാലമായിരുന്നുവെന്നു പറയാം. പ്രവാസ ക്രിസ്തീയ ജീവിതത്തിലും പാരമ്പര്യങ്ങളൊന്നും കൈവിടാതെ ഇടവക ജനങ്ങളെ വിട്ടു പിരിയുമ്പോള്‍ കുര്യനച്ചനു ലഭിച്ചത് കഴിഞ്ഞ 30 വര്‍ഷത്തെ ഇടവക ഭരണത്തിലേക്കും മികച്ച കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായിരുന്നു. ഇടവക ജനങ്ങളില്‍നിന്നു കിട്ടിയ സ്നേഹവും കരുതലും ജീവിതത്തില്‍ മറക്കില്ല എന്നായിരുന്നു അച്ചന്റെ പ്രതീകരണം.

വൈദികശുശ്രൂഷയുടെ അവസാന നാളില്‍ അമേരിക്കയിലേക്കു കിട്ടിയ ട്രാന്‍സ്ഫര്‍ പുതിയ അനുഭവമായി മനസില്‍ കാത്തു സൂക്ഷിക്കുമെന്ന് അഭിമുഖ സംഭാഷണത്തില്‍ റവ. ഒ.സി. കുര്യന്‍ പറഞ്ഞു.

വെണ്ണിക്കുളം ഒല്ലേരിക്കല്‍ പരേതനായ ഒ.എ. കുര്യന്റെ മകനാണു വേദപണ്ഡിതന്‍ കൂടിയായ റവ. ഒ.സി കുര്യന്‍. തുരുത്തിക്കാട് ബിഎഎം കോളജില്‍നിന്നു ഡിഗ്രിയും ബംഗളൂരു തിയോളോജി സെമിനാരിയില്‍നിന്നു തിയോളോജിയില്‍ ബിരുദവും നേടിയിട്ടുണ്ട്.

ഭാര്യ: ഏലിയാമ്മ. മക്കള്‍: ആശിഷ് (എംബിഎ), കൃപ (ടീച്ചര്‍).

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ