ജര്‍മനിയുടെ വളര്‍ച്ചാ പ്രതീക്ഷ കുത്തനെ ഉയര്‍ത്തി
Saturday, April 18, 2015 8:22 AM IST
ബര്‍ലിന്‍: ഈ വര്‍ഷം ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച 2.1 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എണ്ണ വിലയില്‍ വന്ന ഇടിവും യൂറോയുടെ മൂല്യത്തിലെ കുറവും ഉപയോക്താക്കള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തയാറാകുന്നതുമാണു പ്രതീക്ഷ കുത്തനെ ഉയര്‍ത്താന്‍ കാരണം.

കഴിഞ്ഞ വര്‍ഷം 2015ലേക്കു പ്രവചിക്കപ്പെട്ടിരുന്ന വളര്‍ച്ച 1.2 ശതമാനം മാത്രമായിരുന്നു. ഇതിനെയാണ് നാലു പ്രമുഖ ഇന്‍സ്റിറ്റ്യൂട്ടുകള്‍ ഇരട്ടിയോളമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇന്ധനവില ഗണ്യമായി കുറഞ്ഞതോടെ ഉപയോക്താക്കളുടെ കൈയില്‍ ചെലവാക്കാന്‍ കൂടുതല്‍ പണം ലഭ്യമായിരിക്കുകയാണ് എന്ന് ഇവര്‍ വിലയിരുത്തുന്നു. സാമ്പത്തിക വളര്‍ച്ചയിലെ ഏറ്റവും പ്രധാന ഘടകമാണ് ഉപയോക്താക്കള്‍ക്ക് പണം ചെലവാക്കാനുള്ള ശേഷി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍