അഭയാര്‍ഥി ദുരന്തം: യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരണമെന്ന് ഫ്രാന്‍സും ജര്‍മനിയും
Monday, April 20, 2015 8:16 AM IST
ബര്‍ലിന്‍: കടലില്‍ക്കൂടി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച എഴുനൂറ് ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മുങ്ങി മരിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ യോഗം അടിയന്തരമായി ചേരണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ആവശ്യപ്പെട്ടു.

മരണസംഖ്യ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുമെങ്കില്‍, അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തമായി ഇതിനെ എണ്ണാമെന്നും ഒരു അഭിമുഖത്തില്‍ ഒളാന്ദ് അഭിപ്രായപ്പെട്ടു.

കടലില്‍ നിരീക്ഷണത്തിനു കൂടുതല്‍ ബോട്ടുകള്‍ വേണം, വ്യോമ നിരീക്ഷണം കൂടുതല്‍ ശക്തമാക്കണം. മനുഷ്യക്കടത്ത് തടയാന്‍ കൂടുതല്‍ ശക്തമായ നടപടികളും ആവശ്യമാണ്.

മനുഷ്യക്കടത്തുകാരോ ഭീകരരോ തന്നെയാണ് ഇത്രയധികം ആളുകളെ ബോട്ടുകളില്‍ കുത്തിനിറച്ചത്. അപകടമാണെന്ന് മനസിലാക്കി തന്നെയായിരുന്നു അവരുടെ പ്രവൃത്തി എന്നും അദ്ദേഹം ആരോപിച്ചു.

സംഗതികള്‍ ഇത്രയും വഷളായ സ്ഥിതിക്ക് അഭയാര്‍ഥി പ്രശ്നം സംബന്ധിച്ചും കുടുതല്‍ മരണം ഒഴിവാക്കുന്നതിനുമായി ജര്‍മനി സജ്ജമാവുമെന്ന് അറിയിച്ചിട്ടുണ്ട്. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മയര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷുള്‍സുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി ജര്‍മനിയുടെ പിന്തുണ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍