അഭയാര്‍ഥി പ്രവാഹം അഞ്ചു ലക്ഷം കവിഞ്ഞേക്കും; യൂറോപ്പ് മുള്‍മുനയില്‍
Saturday, April 25, 2015 8:11 AM IST
ബ്രസല്‍സ്: വടക്കന്‍ ആഫ്രിക്കയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്കു കടക്കുന്നവരുടെ എണ്ണം ഈ വര്‍ഷം അഞ്ചു ലക്ഷം കടന്നേക്കുമെന്ന് യുഎന്‍ മാരിടൈം ഏജന്‍സിയുടെ കണക്ക്. ഇത്തരത്തിലുള്ള മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമുദ്ര ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ആയിരങ്ങളിലെത്തുമെന്നും മുന്നറിയിപ്പ്.

കടലിലൂടെ കടക്കാന്‍ ശ്രമിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഇവരെ കടത്തുന്ന കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കണമെന്നും മാരിടൈം ഏജന്‍സി മേധാവി കോജി സെകിമിസു അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം മൂവായിരത്തോളം അഭയാര്‍ഥികളാണ് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ചത്.

എണ്ണൂറിലേറെപ്പേര്‍ മരിച്ച ദുരന്തത്തെത്തുടര്‍ന്ന് ഇറ്റലി മനുഷ്യക്കടത്തുകാര്‍ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. യൂറോപ്യന്‍ യൂണിയന്‍ സൈനിക നടപടി വരെ ആലോചിക്കണമെന്നാണ് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി റോബര്‍ട്ട പിനോറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അപകടങ്ങളില്‍ മരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ മുപ്പതു മടങ്ങ് വര്‍ധനയാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ കണക്കാക്കുന്നത്. ഈ സംഖ്യ മുപ്പതിനായിരം വരെ ഉയരാമെന്നും മുന്നറിയിപ്പു നല്‍കുന്നു.

അഭയാര്‍ഥികളായി എത്തുന്നവരുടെ സുരക്ഷ കൂട്ടാന്‍ ഇയു നേതാക്കള്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന് ആവശ്യം വേണ്ടുന്ന നടപടികളെക്കുറിച്ച് സമവായത്തിലെത്തിയെങ്കിലും മനുഷ്യക്കടത്താണ് ഇപ്പോള്‍ നടക്കുന്നതെന്ന ചിന്ത നേതാക്കളുടെ ഉറക്കംകെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍