മഴക്കെടുതിയില്‍ വ്യാപക നാശം: സംസ്ഥാനം കേന്ദ്രസഹായം തേടി
Monday, April 27, 2015 6:41 AM IST
ബംഗളൂരു: വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ കനത്ത നാശം.

ഹാസന്‍, ശിവമോഗ, ബെല്ലാരി, റായ്ച്ചൂര്‍, യാദ്ഗിര്‍, ബിദാര്‍, കാലാബുരാഗി, ഗഡാക് തുടങ്ങിയ ജില്ലകളിലാണ് അപ്രതീക്ഷിതമായെത്തിയ മഴ നാശം വിതച്ചത്. ഈ ജില്ലകളിലെ ഹെക്ടര്‍കണക്കിനു കൃഷിയിടം വെള്ളത്തിലായി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പലയിടത്തും കനത്ത കാറ്റിന്റെ അകമ്പടിയോടെയാണു മഴയെത്തിയത്. കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മഴക്കെടുതിയെത്തുടര്‍ന്നുണ്ടായ കൃഷിനാശം നേരിടുന്നതിന് അടിയന്തരമായി 152 കോടി രൂപയുടെ സഹായം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റവന്യുമന്ത്രി വി.ശ്രീനിവാസപ്രസാദും കൃഷിമന്ത്രി കൃഷ്ണ ബൈരഗോഡയും കേന്ദ്ര കൃഷിമന്ത്രി മോഹന്‍ ഭായ് കുന്താരിയയ്ക്കു നല്‍കിയ നിവേദനത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ചത്. മഴക്കെടുതിമൂലം സംസ്ഥാനത്ത് 425 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി നിവേദനത്തില്‍ മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഈമാസം അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളിലായി 14 പേര്‍ മരിക്കുകയും 1038 വീടുകള്‍ തകരുകയും ചെയ്തതായും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.