നാമം വിഷു ആഘോഷം നടത്തി
Monday, April 27, 2015 6:53 AM IST
ന്യൂജേഴ്സി: സംഗീതനൃത്തപൂരിതമായി നാമം വിഷുക്കണിയൊരുക്കി വിഷു ആഘോഷിച്ചപ്പോള്‍ അതു മുതിര്‍ന്നവര്‍ക്കു നന്മ നിറഞ്ഞ ഓര്‍മകളായി. കുഞ്ഞുങ്ങള്‍ക്കു പൈതൃകം പകര്‍ന്നു നല്‍കുന്ന നവ്യാനുഭൂതിയായി. ഏപ്രില്‍ 19ന് എഡിസണ്‍ ഹെര്‍ബര്‍ട്ട് ഹ്യൂവര്‍ മിഡില്‍ സ്കൂളില്‍ രാവിലെ 9.45നു കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

നാമം വൈസ് പ്രസിഡന്റ് വിനീത നായരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുണ്‍ ഗോപാലകൃഷ്ണനും മോഡറേറ്റര്‍മാരായിരുന്ന ചടങ്ങില്‍ ന്യൂജേഴ്സിയിലെ പ്രശസ്ത സംഗീത അധ്യാപിക മഞ്ജുള രാമചന്ദ്രന്‍ പ്രാര്‍ഥനാഗാനം ആലപിച്ചു. നാമം കുടുംബം നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികള്‍ക്കു തുടക്കംകുറിച്ചു. നാമം സെക്രട്ടറി അജിത് പ്രഭാകര്‍ സ്വാഗതം നേര്‍ന്നതോടെ വാദ്യ, സംഗീത, നൃത്ത പരിപാടികള്‍ക്കു തുടക്കമായി.

വാദ്യ സംഗീത പരിപാടികളില്‍ സദസിനെ നാദബ്രഹ്മത്തില്‍ ലയിപ്പിച്ചു ന്യൂജേഴ്സിയിലെ പ്രമുഖ സംഗീത അധ്യാപകരായ ശങ്കരമേനോന്റെയും മഞ്ജുള രാമചന്ദ്രന്റെയും വിദ്യാര്‍ഥികള്‍ ശാസ്ത്രീയസംഗീതം ആലപിച്ചപ്പോള്‍ സംഗീത അധ്യാപകരായ ജാനകി അയ്യര്‍, ശാരദ ഘാണ്ഡവില്ലി, രാധാ നാരായണന്‍ എന്നിവരുടെ വിദ്യാര്‍ഥികള്‍ വാദ്യോപകരണങ്ങള്‍കൊണ്ടു സംഗീത്തിന്റെ മാസ്മര ലോകം സൃഷ്ടിച്ചു.

വിഷു ആഘോഷങ്ങള്‍ക്കു വര്‍ണപ്പൊലിമ നല്‍കിക്കൊണ്ടു നൃത്തവിദ്യാലയങ്ങളായ ശിഷ്യ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്, സൂര്യ സജീഷ്, അംബിക രാമന്‍ പെര്‍ഫോമിംഗ് ആര്‍ട്സ്, അപൂര്‍വ നൂപുര, ഷിവാലിക് സ്കൂള്‍ ഓഫ് ഡാന്‍സ് എന്നീ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഭരതനാട്യത്തിന്റെ ചടുല താളങ്ങള്‍കൊണ്ടു സദസ് മുഖരിതമാക്കിയപ്പോള്‍ സുധ ഗോവറും സംഘവും അവതരിപ്പിച്ച ഓഡിസി വ്യത്യസ്തമായ അനുഭവമായി. നൃത്യ മാധവി സ്കൂള്‍ ഓഫ് ഡാന്‍സ് നാട്യകലയുടെ താളലയ ഭാവ സമന്വയമായി കുച്ചിപ്പുടി അവതരണവുമായി വേറിട്ടുനിന്നു. വ്യത്യസ്ത അനുഭവം നല്‍കുന്നതായിരുന്നു സൌപര്‍ണിക ഡാന്‍സ് അക്കാദമിയുടെ നൃത്ത നാടകം. ന്യൂജേഴ്സി നാട്യസംഗമം അവതരിപ്പിച്ച നൃത്ത വിസ്മയം ചടങ്ങില്‍ നടനവിസ്മയം തീര്‍ത്ത് മുഖ്യാകര്‍ഷണമായി.

പൊതുസമ്മേളനത്തില്‍ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു. വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നമ്മുടെ സംസ്കൃതിയുടെ ഭാഗമായ ശാസ്ത്രീയ കലാരൂപങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയ ആഘോഷപരിപാടികള്‍ യഥാര്‍ഥത്തില്‍ അവിസ്മരണീയമായ വിഷുകൈ നീട്ടമാണെന്നു പറഞ്ഞ നാമം സ്ഥാപകനേതാവായ മാധവന്‍ ബി. നായര്‍ പുതിയ കമ്മിറ്റിയുടെ സംഘാടക മികവിനെ മുക്തകണ്ഠം പ്രശംസിച്ചു. കാലങ്ങളായി നാമം നിലനിര്‍ത്തി വന്ന മികവിനു കോട്ടംതട്ടാതെ വിഷു ആഘോഷങ്ങളെ എക്കാലത്തേയും മികച്ച പരിപാടികളില്‍ ഒന്നാക്കി മാറ്റാന്‍ കഴിഞ്ഞത് തന്നോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരുടെ കൂട്ടായ പ്രയത്നം കൊണ്ടാണെന്നു പറഞ്ഞ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി കമ്മിറ്റിയംഗങ്ങളെ അനുമോദിച്ചു.

മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസും മിത്രാസ് ആര്‍ട്സ് ഡയറക്ടര്‍ രാജന്‍ ചീരനും ന്യൂജേഴ്സിയിലെ സാംസ്കാരിക സംഘടനകളിലെ വേറിട്ട സാന്നിധ്യമായ നാമത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിഷു ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ നൃത്ത അധ്യാപകരായ ശങ്കര മേനോന്‍, മഞ്ജുള രാമചന്ദ്രന്‍, ജാനകി അയ്യര്‍, ഷാരദ ഘാനണ്ഠാവില്ലി, രാധാ നാരായണന്‍, സുകന്യ മഹാദേവന്‍ (ശിഷ്യ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്), സൂര്യ സജീഷ്, സുധ ഗ്രോവര്‍, മാലിനി നായര്‍ (സൌപര്‍ണിക ഡാന്‍സ് അക്കാഡമി), അംബിക രാമന്‍ (അംബികാ രാമന്‍ പോര്‍ഫോമിംഗ് ആര്‍ട്സ് അക്കാഡമി), അഖില റാവു (അപൂര്‍വ നൂപുര), തേജസ്വിനി രാജ (ഷിവ ജ്യോതി ഡാന്‍സ് അക്കാഡമി), ദിവ്യ യേലൂരി (നൃത്യ മാധവി സ്കൂള്‍ ഓഫ് ആര്‍ട്സ്), ദര്‍ശന ജാനി (ഷിവാലിക് സ്കൂള്‍ ഓഫ് ഡാന്‍സ്), ന്യൂജേഴ്സി നാട്യസംഗമം എന്നിവര്‍ക്ക് ഫലകവും പ്രശംസാ പത്രവും നല്‍കി ആദരിച്ചു.

ആഘോഷ പരിപാടികള്‍ മികവുറ്റതാക്കിയ നൃത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സദസിനും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഭാരവാഹികളായ സജിത് ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), അപര്‍ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), സഞ്ജീവ്കുമാര്‍ (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), രാജശ്രീ പിന്റോ (പിആര്‍ഒ), എക്സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ ശര്‍മ, വിദ്യാ രാജേഷ്, ഉഷാ മേനോന്‍, വിദ്യ വെങ്കിടേഷ്, രാജേഷ് രാമചന്ദ്രന്‍, സജിത് പരമേശ്വരന്‍, പ്രേം നാരായണന്‍ എന്നിവര്‍ക്കും ട്രഷറര്‍ ഡോ. ആഷാ വിജയകുമാര്‍ നന്ദി പറഞ്ഞു.

റോയല്‍ ഇന്ത്യയുടെ ബ്ളുംഫീല്‍ഡ് ഭക്ഷണശാല, എഎന്‍സ് ജൂവലറി, ഡിസൈന്‍സ് ആന്‍ഡ് സ്റിച്ചിംഗ്സ് ബൈ മോണിക്കാ, മോന്‍മൌത്ത് ജംഗ്ഷന്‍ എന്നിവരുടെ സ്റാളും സമൃദ്ധിയുടെ വിഷുക്കണിയും നാമം വിഷു ആഘോഷങ്ങള്‍ക്ക് ഉത്സവത്തിന്റെ പൂര്‍ണത നല്‍കി.