ജെഎഫ്എയുടെ രണ്ടാം വാര്‍ഷികം യോങ്കേഴ്സില്‍ അരങ്ങേറി
Monday, May 11, 2015 2:43 AM IST
ന്യൂയോര്‍ക്ക്: പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തി ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി സമ്പാദിക്കാന്‍ മുമ്പോട്ടിറങ്ങിയ ദുബായി (യുഎഇ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയും, ആരോഗ്യ മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനേകം പുരസ്കാരങ്ങള്‍ യു. എ. ഇ ഭരണാധികാരികളില്‍ നിന്നും, ഇന്ത്യന്‍ പ്രസിഡന്റില്‍ നീന്നും, എന്തിനേറെ, ഐക്യരാഷ്ട്രസഭയില്‍ നിന്നുവരെ കരസ്ഥമാക്കിയ ഡോ. ഷംഷീര്‍ വയലിനെ മുഖ്യാഥിതിയായി പങ്കെടുപ്പിച്ചുകൊണ്ട് ജസ്റിസ് ഫോര്‍ ഓള്‍ (ജെഎഫ്എ) രണ്ടാം വാര്‍ഷികം യോങ്കേഴ്സില്‍ നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍വച്ച് നടത്തി.

മേയ് മൂന്നാം തിയതി ഞായറാഴ്ച്ച വൈകിട്ട് ഏഴിനു ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റിറ്റ്യൂട്ടില്‍ വച്ചാണ് ജെഎഫ്എയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചത്. ജെഎഫ്എ എന്ന പ്രസ്ഥാനത്തിന്റെ സുപ്രധാനങ്ങളായ മിക്ക ആലോചനാ യോഗങ്ങളും നടത്തിയത് പ്രസ്തുത സ്ഥലത്തുവച്ച് ആയതിനാലാണ് രണ്ടാം വാര്‍ഷികവും അവിടെ വച്ചു തന്നെ നടത്താന്‍ കാരണമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ജെഎഫ്എയുടെ സ്ഥാപക നേതാവും ചെയര്‍മാനുമായ തോമസ് കൂവള്ളൂര്‍ പറയുകയുണ്ടായി.

ഇന്ത്യയിലെ സുപ്രീം കോടതിയില്‍ വിദേശത്തു താമസിക്കുന്ന ഇന്ത്യാക്കാരുടെ വോട്ടവകാശത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ഹാരിസ് ബീരാനും പ്രസ്തുത ചടങ്ങില്‍ ഹാജരായിരുന്നു. കൂടാതെ വിപിഎസ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. മുഹമ്മദ് സാര്‍ഫ്രൊസ്, വിപിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദോ. ഷാജീര്‍ ഗഫാര്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളം ഉള്ള മില്ലനിയം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാന്‍ ഇ. എം. ഹനീഫ്, മുന്‍കാല സിനിമാ നിര്‍മാതാക്കളില്‍ ഒരാളായ മുഹമ്മദ് ഖാദര്‍, ഡോ. വത്സാ മാധവ് എം. ഡി., ഡോ. അസീസ്് എം.ഡി., ഐഎന്‍ഒസി. ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, മലയാളം ഐ. സി. ടിവിയുടെ ചെയര്‍മാനും, ന്യൂയോര്‍ക്കിലെ ഹാനോവര്‍ ബാങ്ക് ഡയറക്ടറുമായ വര്‍ക്കി എബ്രഹാം, അമേരിക്കയിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ബിസിനസിന്റെ ഉടമയും, മുന്‍ ഫോമാ പ്രസിഡന്റുമായ ബേബി ഉരാളില്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ഇടയോടിയില്‍, വെസ്റ് ചെസ്റര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാര്‍ക്കിന്റെ പ്രസിഡന്റും, ന്യൂയോര്‍ക്കിലെ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റും, ജെ. എഫ്. എ. യുടെ ഡയറക്ടറുമാരില്‍ ഒരാളുമായ ഗോപിനാഥ കുറുപ്പ്, ജെ.എഫ്.എയുടെ അഡവൈസറി ബോര്‍ഡ് അംഗം യു.എ. നസീര്‍, യോങ്കേഴ്സിലെ സ്പാനിഷ് കമ്മ്യൂണിറ്റി ലീഡര്‍മാരില്‍ ഒരാളായ എഡ്ഗാര്‍ ഗോണ്‍സാലസ്, ജെഎഫ്എയുടെ മറ്റു നിരവധി സജീവാംഗങ്ങളും പങ്കെടുക്കുകയുണ്ടായി.

കവിയും ഗായകനുമായ അജിത് നായര്‍ പരിപാടികളുടെ എംസിയായിരുന്നു. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രസ്തുത യോഗത്തില്‍ യുവ ഗായിക ഗായത്രി നായര്‍ അമേരിക്കന്‍ ദേശീയ ഗാനവും, തുടര്‍ന്നു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ജെ. എഫ്. എ. യുടെ ഡയറക്ടറുമാരില്‍ ഒരാളും, യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റുമായ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ടാഥിതി ആയിരുന്ന ഡോ. ഷംഷീര്‍ തന്റെ പ്രസംഗത്തില്‍ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തില്‍ ജെഎഫ്എ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും, കേരളത്തില്‍ ഇന്ന് ഇത്തരത്തിലുള്ള ആള്‍ക്കാരുടെ ആവശ്യമുണ്െടന്നു പറയുകയും ചെയ്തു. അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍ തന്റെ പ്രസംഗത്തില്‍ സുപ്രീം കോടതിയില്‍ നിരവധി തവണ കയറിയിറങ്ങേണ്ടി വന്ന അനുഭവങ്ങള്‍ വിശദീകരിക്കുകയും, നിസ്വാര്‍ത്ഥ സേവനമാണ് തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമെന്നു പറയുകയും, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

പ്രമുഖ ഭാഷാ പണ്ഡിതനും, സാഹിത്യകാരനും, നിരൂപകനും, ശാസ്ത്രജ്ഞനും കൂടിയായ പ്രൊഫസര്‍, ഡോ. ജോയി റ്റി. കുഞ്ഞാപ്പു മുഖ്യ പ്രഭാഷകനായിരുന്നു. അദ്ദേഹം തന്റെ ഇംഗ്ളീഷിലുള്ള പ്രസംഗത്തില്‍ ജസ്റിസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെയും, ഡോ. ഷംഷീറിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയുണ്ടായി. പ്രസ്തുത പ്രഭാഷണം സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

മീഡിയയെ പ്രധിനിധീകരിച്ച് മലയാളം പത്രത്തിന്റെ എഡിറ്റര്‍, ജോര്‍ജ് ജോസഫും, കൈരളി ടിവിയുടെ ജോസ് കാടാപുറവും സന്നിഹിതരായിരുന്നു. കൂടാതെ മലയാളം ഐ. പി. ടിവിയുടെ മഹേഷ് കുമാര്‍, ജെ. എഫ് . എ ഓഡിറ്റര്‍ ജോര്‍ജ് ജോസഫ്, ഐഎഎംസിവൈ ട്രഷറര്‍ ജോര്‍ജ്കുട്ടി ഉമ്മന്‍, ജോര്‍ജ് ആറോലിചാലില്‍, ജോയ് പുളിയനാല്‍, മോളി പുളിയനാല്‍, മോളി ജോണ്‍, ലിജോ ജോണ്‍, ആന്റെച്ചന്‍ തുടങ്ങിയ ജെഎഫ്എയുടെ സജീവാംഗങ്ങളും പങ്കെടുത്ത പ്രസ്തുത പരിപാടി ജെഎഫ്എ യുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു എന്ന് തന്നെ പറയാം.

ജസ്റിസ് ഫോര്‍ ഓള്‍ ന്റെ ആരംഭകാല മെമ്പറും, ഇന്തോ-അമേരിക്കന്‍ യോഗാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് കൂടിയായ സിസിലി കൂവള്ളൂര്‍, വിശിഷ്ടാഥിതികളെ പൂച്ചെണ്ടു നല്കി സ്വീകരിക്കുകയുണ്ടായി. ഡോ. ഷംഷീറിന്റെ മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ജസ്റിസ് ഫോര്‍ ഓള്‍ ന്റെ പേരില്‍ ഒരു 'ഹ്യൂമാനിട്ടേറിയെന്‍ അവാര്‍ഡ്' അദ്ദേഹത്തിനു നല്‍കി ജെഎഫ്എ ചെയര്‍മാന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം തോമസ് കൂവള്ളൂര്‍ നന്ദി രേഖപ്പെടുത്തി, ലീന മാത്യു കരിപ്പാപറമ്പില്‍ (ജോയിന്റ് സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം