മാന്യമായ മൃതസംസ്കാരം സുപ്രദാനമായ മനുഷ്യാവകാശം: ജസ്റിസ് തോമസ് പി. ജോസഫ്
Monday, May 11, 2015 6:40 AM IST
ന്യൂഡല്‍ഹി: മാന്യമായ മൃതസംസ്കാരത്തിനുള്ള അവകാശം സുപ്രദാനമായ മനുഷ്യാവകാശവും മൌലികാധികാരവുമാണെന്ന് ജസ്റിസ് തോമസ് പി. ജോസഫ്.

പ്രവാസി ലീഗല്‍ സെല്‍ സംഘടിപ്പിച്ച നിയമവേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനു പുറത്തും വിദേശത്തും മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും ബോദവത്കരണവും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി മലയാളി അസോസിയേഷന്‍ നിയമവേദി സംഘടിപ്പിച്ചത്.

വിദേശരാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി മാസങ്ങളോളുള്ള കാത്തിരിപ്പ് കടുത്ത മനുഷ്യാവകാശ ധ്വംസനമാണെന്നും ഡല്‍ഹിയിലും മറ്റും മരിക്കുന്ന മലയാളികളുടെ മൃതശരീരങ്ങള്‍ എത്രയും പെട്ടെന്നുതന്നെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാരും വിവിധ സംഘടനകളും ആര്‍മാര്‍ഥമായി ശ്രമിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ പുറത്തിറക്കിയ ലഘുലേഖ പ്രകാശനം ചെയ്തുകൊണ്ട് ജസ്റിസ് തോമസ് പി. ജോസഫ് പറഞ്ഞു.

ഡല്‍ഹി മൈനോരിറ്റി കമ്മീഷന്‍ അംഗം അഡ്വ. ഏബ്രഹാം പട്യാനി മുഖ്യാതിഥിയായിരുന്നു. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സൂപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. വില്‍സ് മാത്യൂസ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. അനില്‍, ഡല്‍ഹി പോലീസ് പ്രതിനിധികളായ പി.എന്‍. രാജന്‍, പവിത്രന്‍ കൊയിലാണ്ടി, ഡനിപ് കെയര്‍ സെക്രട്ടറി കെ.വി. ഹംസ, ഡിഎംഎ സെക്രട്ടറി സി. ചന്ദ്രന്‍, നഴ്സുമാരുടെ സംഘടനാപ്രതിനിധികളായ സിജു തോമസ്, എ. മുജീബ്, പ്രവാസി ലീഗല്‍ സെക്രട്ടറി ബിന്‍സ് സെബാസ്റ്യന്‍, തോമസ് ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജോര്‍ജ് പ്രസാദ്, കെ. പത്മാനഭന്‍, കെ.വി. പ്രഭാകരന്‍, ജോബി ജോര്‍ജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്