ഡാളസിലെ നഴ്സസ് സംഗമം അവിസ്മരണീയമായി
Tuesday, May 12, 2015 7:28 AM IST
ഗാര്‍ലന്റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ളെക്സിലെ മലയാളി നഴ്സുമാരെ ആദരിക്കല്‍ ചടങ്ങ് മറക്കാനാവാത്ത ഒരനുഭവമായി.

മേയ് ഒന്‍പതിനു (ശനി) രാവിലെ 10 ന് അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതമാശംസിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് നാഷണല്‍ വൈസ് പ്രസിഡന്റ് ജാക്കി മൈക്കിള്‍, മുന്‍ പ്രസിഡന്റ് ആലീസ് മാത്യു, പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ അവാര്‍ഡിനു അര്‍ഹരായ നഴ്സുമാരെ ഷേര്‍ളി കൊടുവത്ത്, ജാക്കി മൈക്കിള്‍ എന്നിവര്‍ പ്രത്യേക പ്ളാക്കുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്നു പങ്കെടുത്തവര്‍ക്ക് പരസ്പരം പരിചയപ്പെടുത്തുന്നതിനുളള അവസരം ലഭിച്ചു. അമേരിക്കയില്‍ എത്തിയ ആദ്യകാല നഴ്സുമാരുടെ ത്യാഗ സമ്പൂര്‍ണമായ ജീവിതത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ പലരുടേയും കണ്ണുകള്‍ നിറയുന്നത് ശ്രദ്ധിക്കപ്പെട്ടു.

ദീപ ജെയ്സന്‍, ആനി തങ്കപ്പന്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും ഫൊക്കാന കലാതിലകം നാന്‍സി വര്‍ഗീസിന്റെ നൃത്തവും ചടങ്ങിനു കൊഴുപ്പേകി. ബോബന്‍ കൊടുവത്ത് നന്ദി പറഞ്ഞു. സിന്ധു സുധീര്‍ എംസിയായി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍