ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ഒന്നാം വാര്‍ഷികം മേയ് 12ന്
Tuesday, May 12, 2015 7:30 AM IST
ഹൂസ്റണ്‍: ആഗോളതലത്തില്‍ സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനക്കു വചനകേഴ് വിക്കുമായി കൂടിവരുന്ന ടെലി കോണ്‍ഫറന്‍സ് വേദിയായ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ (ഐപിഎല്‍) മേയ് 12ന് (ചൊവ്വ) ഒരു വര്‍ഷം പിന്നിടുന്നു.

2014 മേയ് 13ന് മാര്‍ത്തോമ സഭയുടെ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത പ്രാര്‍ഥനയും അനുഗ്രഹ പ്രഭാഷണവും നടത്തി ഉദ്ഘാടനം നിര്‍വഹിച്ച മലയാള ഭാഷയിലുള്ള പ്രയര്‍ലൈനില്‍ തങ്ങളുടെ പ്രാര്‍ഥനാവിഷയങ്ങള്‍ പങ്കു വയ്ക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും നിരവധി വ്യക്തികള്‍ക്ക് അവസരമൊരുക്കിവരുന്നു.

നോര്‍ത്ത് അമേരിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും നിരവധി ക്രിസ്തീയ പ്രഭാഷകരുടെ ലഘുപ്രസ്ഥാനങ്ങളും പ്രാര്‍ഥനയോടനുബന്ധിച്ചു നടത്തിവരുന്നു.

അഞ്ചു വ്യക്തികളുമായി ആരംഭിച്ച പ്രയര്‍ലൈനില്‍ മുന്നൂറില്‍പരം പ്രാര്‍ഥന സഹകാരികള്‍ നിരന്തരമായി പങ്കെടുത്തുവരുന്നു.

എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം വൈകുന്നേരം ഒന്‍പതു മുതല്‍ ഒരു മണിക്കൂര്‍ നടത്തിവരുന്ന പ്രയര്‍ലൈന്‍, ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 12ന് (ചൊവ്വ) രാത്രി എട്ടു മുതല്‍ 10 വരെ ക്രമീകരിച്ചിരിക്കുന്നു.

പ്രയര്‍ലൈനില്‍ പങ്കെടുത്ത് യേശുക്രിസ്തുവില്‍ ആശ്വാസം കണ്െടത്തിയ നിരവധി വ്യക്തികളുടെ സാക്ഷ്യവും ശ്രവിക്കാവുന്നതാണ്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ അവരവരുടെ ഭവനങ്ങളില്‍ ഇരുന്ന് ചെയിന്‍ പ്രയറില്‍ പങ്കാളികളാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

കോഓര്‍ഡിനേറ്റര്‍മാരായി ടി.എ. മാത്യു, സി.വി. ശാമുവല്‍ എന്നിവര്‍ക്കൊപ്പം ഷിജു ജോര്‍ജ് തച്ചനാലില്‍ (ഹൂസ്റണ്‍), ജോസഫ് ടി. ജോര്‍ജ് (ഹൂസ്റണ്‍), അലക്സ് തോമസ് (ടെന്നസി) എന്നിവര്‍ സാങ്കേതിക സഹായം നല്‍കിവരുന്നു.

പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും 1-605-562-3140 എന്ന ടെലഫോണ്‍ നമ്പരില്‍ ഡയല്‍ ചെയ്തതിനുശേഷം 656750 എന്ന കോഡ് ഉപയോഗിച്ചാല്‍ മതി.

വിവരങ്ങള്‍ക്ക്: സി.വി. ശാമുവല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റണ്‍) 832 771 2504.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി