ബെല്‍വുഡ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
Thursday, May 14, 2015 2:49 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ വിവിധ പരിപാടികളോടുകൂടി സമാപിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടന്നു. ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയില്‍ ഇടവക ദിനാഘോഷങ്ങള്‍ നടന്നു. യോഗത്തില്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് എല്ലാവരേയും സ്വാഗതം ചെയ്തു. ഫാ. വിജയ് തോമസ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നേപ്പാളിനെ ഭൂകമ്പ ദുരിതബാധിതര്‍ക്കുവേണ്ടി 'കത്തീഡ്രല്‍ ചാരിറ്റീസ്' സമാഹരിച്ച തുക കോര്‍ഡിനേറ്റര്‍ ഏബ്രഹാം വര്‍ക്കി ഇടവക മെത്രാപ്പോലീത്തയ്ക്ക് കൈമാറി.

മാതൃദിനത്തില്‍ അഭി. തിരുമേനി മാതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഏലിയാമ്മ പുന്നൂസ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ട്രസ്റി മാത്യു ഫിലിപ്പ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം