2015 നാഷണല്‍ ജിയോഗ്രാഫിക് ബി മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വിജയം
Thursday, May 14, 2015 5:42 AM IST
വാഷിംഗ്ടണ്‍: നാഷണല്‍ ജിയോഗ്രാഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ആധിപത്യം പ്രകടമായി.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അസാധാരണ വിജയം കൈവരിച്ചത്.

ന്യൂജേഴ്സി എഡിസണില്‍നിന്നുളള എട്ടാം ഗ്രേഡ് വിദ്യാര്‍ഥി 14 കാരനായ കേരണന്‍ മേനോന്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായി. 50,000 ഡോളറിന്റെ സ്കോളര്‍ഷിപ്പും ജിയോഗ്രാഫിക് സൊസൈറ്റി ആജീവനാന്ത അംഗത്വവും ഒരു വിനോദയാത്രയ്ക്കുളള ചെലവുമാണു സമ്മാനമായി ലഭിച്ചത്.

25,000 ഡോളറിന്റെ സ്കോളര്‍ഷിപ്പോടെ മിഷിഗണില്‍നിന്നുളള 11കാരി ശ്രീയാ റണ്ണര്‍ അപ്പായി. 10,000 ഡോളര്‍ സ്കോളര്‍ഷിപ്പോടെ അര്‍ക്കന്‍സാസില്‍നിന്നുളള സോജാസിനാണു മൂന്നാം സ്ഥാനം.

മേയ് 13 നു (ബുധന്‍) വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 50 സംസ്ഥാനങ്ങളില്‍നിന്നും അറ്റ്ലാന്റിക് പസഫിക്ക് ടെറിട്ടറികളിലുംനിന്നും 11,000 സ്കൂളുകളില്‍ നിന്നുമായി നാലു മില്യണ്‍ വിദ്യാര്‍ഥികളാണു പ്രാഥമിക റൌണ്ട് മുതല്‍ മത്സരത്തില്‍ പങ്കെടുത്തത്.

സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബി മത്സരങ്ങളിലും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളാണ് ഉയര്‍ന്ന സ്ഥാനങ്ങള്‍ പങ്കിട്ടത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍