സാന്റാ അന്നയില്‍ എസ്എംസിസിയില്‍ മാതൃദിനം ആചരിച്ചു
Thursday, May 14, 2015 8:11 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാരെ ആദരിച്ചു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നു മാതൃദിനാഘോഷങ്ങള്‍.

ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി ദിവ്യബലിയര്‍പ്പിച്ചു അമ്മമാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും റോസാപൂക്കളും പൂമാലകളും നല്‍കി ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ ഇടവക ഗായകസംഘാംഗങ്ങള്‍ ശ്രുതിമധുരമായ മാതൃഭക്തിഗാനങ്ങള്‍ ആലപിച്ചു.

ഐശ്വര്യപൂര്‍ണമായ ഒരു കുടുംബം ഉണ്ടാകണമെങ്കില്‍ അമ്മയുടെ കാരുണ്യ മനോഭാവവും ആര്‍ദ്രതയും ത്യാഗവും അത്യന്താപേക്ഷിതമാണെന്നും അങ്ങനെയുള്ള കുടുംബങ്ങളില്‍ അമ്മയുടെ സ്നേഹവും ലാളനയും അനന്തമായ ഒരു പ്രവാഹമായി ഒഴുകിയെത്തുമെന്നും ഫാ. ഇമ്മാനുവല്‍ ദിവ്യബലി മധ്യേയുള്ള സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

പള്ളിയങ്കണത്തില്‍ ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്നു വല്യമ്മച്ചി കത്രീന പൊറിഞ്ചു നീലങ്കാവില്‍, ഈത്തമ്മ ഫ്രാന്‍സിസ് ളാനിത്തോട്ടം എന്നിവരോടൊപ്പം കേക്ക് മുറിച്ച് സ്നേഹവും സഹൃദയവും പങ്കുവച്ചു. തുടര്‍ന്നു വിഭവസമൃദ്ധമായ ബാര്‍ബിക്യൂ ഭക്ഷണത്തിനു സെക്രട്ടറി ബിജു ജോര്‍ജ് നേതൃത്വം നല്‍കി.

ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ വണ്ടനാംതടം, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവരോടൊപ്പം കമ്മിറ്റിയംഗങ്ങളും ഇടവകാംഗങ്ങളും നിര്‍ലോഭമായി സഹകരിച്ചപ്പോള്‍ മാതൃദിനാഘോഷങ്ങള്‍ വന്‍ വിജയമായി.

ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം