ബ്രൂക്ളിന്‍ രൂപതക്ക് മലയാളി വൈദികന്‍
Friday, May 15, 2015 5:07 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാഗരിക രൂപതകളിലൊന്നായ ബ്രൂക്ളിന്‍ രൂപതക്ക് മലയാളി വൈദികന്‍. ഫാ. റോബര്‍ട്ട് അമ്പലത്തിങ്കലാണ് ന്യൂയോര്‍ക്ക് പ്രദേശത്തെ ലത്തീന്‍ കത്തോലിക്കരുടെ ആത്മീയോപദേഷ്ഠാവായി നിയോഗിക്കപ്പെട്ടത്.

കൊച്ചി ചാക്യാത്ത് ഇടവകയില്‍ അഗസ്റിന്‍-പൌളി ദമ്പതികളുടെ ജനിച്ച റോബര്‍ട്ട് 1996 ല്‍ നിഷ്പാദുക കര്‍മ്മലീത്താ സഭയിലെ വൈദികനായി നിയോഗം ഏറ്റെടുത്തത്. തുടര്‍ന്നുള്ള പൌരോഹിത്യ ജീവിതം പോര്‍ച്ചുഗലിലും സ്പെയിനിലുമായിരുന്നു. 2003ല്‍ അമേരിക്കയില്‍ എത്തി. ബ്രൂക്ക്ളിന്‍ രൂപതയില്‍ വിവിധ ഇടവകകളില്‍ സേവനം നടത്തി.

ന്യൂയോര്‍ക്കില്‍ മലയാളി ലത്തീന്‍ കത്തോലിക്കരുടെ ആത്മീയ നേതൃത്വം ബിഷപ് ഡി മാര്‍സിയോ ഫാ. റോബര്‍ട്ടിനെ എല്‍പ്പിച്ചു. ഏകദേശം അഞ്ചുലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ബ്രൂക്ളിന്‍-ക്യൂന്‍സ് പ്രദേശത്തെ ഒന്നര ദശലക്ഷം കത്തോലിക്കരാണ് 1853 ല്‍ സ്ഥാപിക്കപ്പെട്ട ബ്രൂക്ളിന്‍ രൂപതയിലുള്ളത്. ക്യൂന്‍സിലെ ജമൈക്കയിലാണ് സെന്റ് പയസ് ദി ഫിഫ്ത് ഇടവക. ഇടവകയിലെ ബഹുഭാഷാ, സാംസ്കാരിക, സമുദായങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫാ. റോബര്‍ട്ടിന്റെ ബഹുഭാഷാ നൈപുണ്യവും ഏറെ പ്രയോജനപ്പെടും.

ബിഷപ് നിക്കോളാസ് ഡി മാര്‍സിയോയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രൂപതയിലെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ പോളിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അര്‍ജന്റീനിയന്‍, ഇന്ത്യന്‍, ആഫ്രിക്കന്‍ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ണ-സാംസ്കാരികതയുള്ള ബ്രൂക്ളിന്റെ പ്രതിഫലനമാണ്.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍