ധന്യ ജീവിതത്തിനു ശതാഭിഷേകം
Friday, May 15, 2015 5:07 AM IST
നട്ലി (ന്യൂജേഴ്സി): പൌരോഹിത്യ ജീവിതത്തിലെ ധന്യതയും മഹത്വവും വ്യക്തിജീവിതത്തിലും പ്രവര്‍ത്തനമേഖലയിലും തെളിയിക്കുകയും നിരവധി പേര്‍ക്ക് കൈത്താങ്ങായി മാറുകയും ചെയ്ത ഫാ. മാത്യു കുന്നത്തിന്റെ ശതാഭിഷേകം അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളനുഭവിച്ചവരുടെ സാന്നിധ്യത്തില്‍ മനംകുളിര്‍ക്കുന്ന അനുഭവമായി.

എണ്‍പത്തിനാലിന്റെ പ്രസരിപ്പ് ഇനിയും കൈമോശം വരാത്ത ഫാ. മാത്യു തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവത്തോടു നന്ദി പറഞ്ഞു. അമ്പത്തഞ്ച് വര്‍ഷം മുമ്പ് തന്നോടൊപ്പം 15 പേരാണ് വൈദികരായത്. അതില്‍ ആറുപേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പുരോഹിതനായശേഷം രണ്ടു പതിറ്റാണ്ട് ആസാമിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം. അവിടുത്തെ ഭാഷയും സംസ്കാരവും ഉള്‍ക്കൊണ്ട് അവരിലൊരാളായി ജീവിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്കു നിയോഗിക്കപ്പെട്ടപ്പോള്‍ ദൈവത്തിനു ഒരു പദ്ധതിയുണ്ടായിരിക്കണം. അത് എന്താണെന്നു തനിക്ക് അന്ന് അറിയില്ലായിരുന്നു. ദൈവം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരെ ഉപയോഗപ്പെടുത്തുന്നു. അത്തരമൊരു നിയോഗമായിരുന്നു തനിക്കും. അഞ്ഞൂറില്‍പരം കുടുംബങ്ങളെ ഇന്ത്യയില്‍ നിന്ന് ഇവിടെ കൊണ്ടുവന്നതിനു താന്‍ നിമിത്തമായി. ഏതാണ്ട് രണ്ടായിരത്തില്‍പരം പേര്‍ അങ്ങനെ ഇവിടെ വന്നു.

അവര്‍ പിന്നീട് തന്റെ കുടുംബം തന്നെയായി. അവരുടെ വീട്ടിലെ ഗ്രാജ്വേഷനും വിവാഹവുമൊക്കെ തന്റെ ജീവിതത്തിലും സന്തോഷത്തിന്റെ അവസരമായി. വീട്ടിലെ കാരണവര്‍ കുടുംബാംഗങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നതുപോലെ അവരുടെ സന്തോഷങ്ങളില്‍ താനും പങ്കാളിയായി.

ദൈവം തനിക്കു ദീര്‍ഘമായ ജീവിതം നല്‍കിയതിനു തന്റെ മനസ് നന്ദികൊണ്ട് നിറയുന്നു. പൌരോഹിത്യത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അതുപോലൊരു അവസരം ഇനി ഉണ്ടാകില്ലെന്നു കരുതി. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് അമ്പതാം വാര്‍ഷികവും ഇപ്പോള്‍ ശതാഭിഷേകത്തിനും അവസരം തന്നു. മറ്റുള്ളവരെ സഹായിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതത്തിനു അര്‍ഥമില്ല. നമുക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അതു കൂടുതലായി മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതിനും നമുക്ക് ബാധ്യതയുണ്ട് ഫാ. മാത്യു ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഹെഡ് ഓഫ് ചാന്‍സറി, കോണ്‍സല്‍ എല്‍ടി നെയ്തെ സേവന പ്രവര്‍ത്തനങ്ങളുടെ ആവശ്യതകളും അവ ചെയ്യുന്നവരുടെ ജീവിതത്തിനുണ്ടാകുന്ന മാറ്റവും വിവരിച്ചു. തന്റെ സംസ്ഥാനമായ മണിപ്പൂരിനുവേണ്ടി താന്‍ നടത്തുന്ന സംഘടനയെപ്പറ്റിയും വിവരിച്ചു. ഫാ. മാത്യുവിനു ഇനിയും ദീര്‍ഘകാലം സേവന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ജഗദീശ്വരന്‍ ആയുസും ആരോഗ്യവും നല്‍കട്ടെ എന്നദ്ദേഹം ആശംസിച്ചു. തുടര്‍ന്നു ഭാരവാഹികള്‍ക്കൊപ്പം നിലവിളക്കു തെളിച്ചു.

ജോര്‍ജ് തുമ്പയില്‍ വാര്‍ഷികാഘോഷ സമ്മേളനത്തിന്റെ എംസി ആയിരുന്നു.

പത്തുവര്‍ഷം മുമ്പ് സ്ഥാപിതമായ ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൌണ്േടഷന്റെ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു. മൂന്നര ലക്ഷത്തില്‍പ്പരം ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനായതായി ഫൌണ്േടഷന്‍ സെക്രട്ടറി സിറിയക് കുന്നത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വിവാഹസഹായം, ഭവനനിര്‍മാണ സഹായം, മെഡിക്കല്‍ സഹായം, ജീവസന്ധാരണസഹായം തുടങ്ങി ഫൌണ്േടഷന്റെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ വിവിധമേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. യാതൊരു അഡ്മിനിസ്ട്രേറ്റീവ് ചെലവും ഇല്ലെന്നതാണ് സംഘടനയുടെ പ്രത്യേകത. ഒരു ദിവസം ഒരു ഡോളറെങ്കിലും ഫൌണ്േടഷനു സംഭാവന നല്‍കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനായുള്ള പ്ളെഡ്ജ് ഫോമും സമ്മേളനത്തില്‍ വിതരണം ചെയ്തു. 2014 ലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച അദ്ദേഹം പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ പ്രഖ്യാപിച്ചു. ഫാ. മാത്യു കുന്നത്ത് ചെയര്‍മാനായ 11 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ വൈസ് ചെയര്‍മാനായി മൈക്കിള്‍ കല്ലറയ്ക്കലും സെക്രട്ടറിയായി സിറിയക് കുന്നത്തും ട്രഷററായി എഡിസണ്‍ ഏബ്രഹാമും സേവനം അനുഷ്ഠിക്കും. ആല്‍ബര്‍ട്ട് ആന്റണിയാണ് 17 അംഗ വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രസിഡന്റ്. റോസ്ലിന്‍ വിന്‍സെന്റ് വൈസ് പ്രസിഡന്റും തോമസ് കുന്നത്ത് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കും. ശ്രുതി എഡിസണ്‍, അനിത മാമ്പിള്ളി, ജെറിന്‍ കുന്നത്ത് എന്നിവരാണ് യൂത്ത് കോഓര്‍ഡിനേറ്റര്‍മാര്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗം സജിമോന്‍ ആന്റണി സ്വാഗതവും വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ആല്‍ബര്‍ട്ട് ആന്റണി കൃതജ്ഞതയും പറഞ്ഞു.

ഫാ. ആന്റണി തെക്കനാട്ട്, കോശി ഫിലിപ്പ്, അനു ജിജി എന്നിവരും സംസാരിച്ചു. അമല്‍ ജയിംസിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ പ്രാര്‍ഥനാ ഗാനത്തോടെ ് ആഘോഷപരിപാടികള്‍ക്കു തുടക്കമിട്ടു. സണ്ണി മാമ്പിള്ളി, ജന്നാ നിഖില്‍, ലീയാന്‍ ബെന്നി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അന്‍സാ ബിജോ, ഓസ്റിന് ബിജോ, ബെവന്‍ റോയി, ജോയല്‍ കുന്നത്ത്, സാമുവേല്‍ റോയി, അന്നാ മരിയാ ജോര്‍ജ്, ജെന്നിഫര്‍ ജോസ്, നെവിന്‍ ആന്റണി, ജെസ്വിന്‍ ജോസ്, ജയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ചിത്രീകരണം അവതരിപ്പിച്ചു. ഈവ ആന്റണി, ആഷ്ലി മാത്യു, മെലിന്‍ തലക്കാട്ടൂര്‍, അന്നാ പഞ്ഞിക്കാരന്‍, മരിയാ ജോണ്‍, മാര്‍ട്ടിന ജോണ്‍, നടന മദിനാര്‍, അനീറ്റ മാമ്പിള്ളി, ലീനോ ജോസഫ്, സീയാന്‍, ചെല്‍സി, ആന്‍മറീ ആല്‍ബര്‍ട്ട്, ഷൈന്‍ ആല്‍ബര്‍ട്ട്, എവിന്‍ ആന്റണി, മെല്‍വിന്‍ തലക്കാട്ടൂര്‍, സീയാന്‍ രേഷു, ആല്‍ബിന്‍ സന്തോഷ്, അരുണ്‍ ഷിബു, ആല്‍വിന്‍ ഷിബു എന്നിവര്‍ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ലിയോ തോട്ടുമാരി, സാമുവേല്‍ റോയി, ബെവിന്‍ റോയി എന്നിവര്‍ വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചു. ശ്രുതി ബൈജു, അജയ് മാമ്പിള്ളി എന്നിവരായിരുന്നു കലാപരിപാടികളുടെ എം.സിമാര്‍. ഫാ. മാത്യു കുന്നത്ത് മാതൃദിന സന്ദേശം നല്‍കുകയും എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

ഫാ. മാത്യു കുന്നത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. ജറോം അര്‍ത്തശേരില്‍, ഫാ. തോമസ് കടുകപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. തോമസ് കടുകപ്പള്ളില്‍ സന്ദേശം നല്‍കി.

കാലിഫോര്‍ണിയയില്‍ നിന്നെത്തിയ ഫാ. ജേക്കബ് കട്ടയ്ക്കലും ആഘോഷപരിപാടികളില്‍ സംബന്ധിച്ചു. പിറന്നാള്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ഫാ. മാത്യു കുന്നത്ത് എല്ലാവര്‍ക്കും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍