സീറോ മലബാര്‍ കലാമേള വിജയകരമായി അരങ്ങേറി
Saturday, May 16, 2015 5:06 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് ഒമ്പതിനുനടന്ന 'കലാമേള -2015' വളരെ ആവേശകമായി. ഇരുനൂറോളം കുട്ടികള്‍ ഏറെ വാശിയോടെ മാറ്റുരച്ച കലാമേള വൈവിധ്യമാര്‍ന്ന കഴിവുകളുടെ സംഗമവേദിയായി. അക്കാഡമി ഡയറക്ടര്‍ ബീന വള്ളിക്കളം സ്വാഗതം ചെയ്യുകയും,കഴിഞ്ഞ പത്തുവര്‍ഷമായി അക്കാഡമിക്ക് ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു.

ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നിലവളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, ഫാ. റോയ് കൊച്ചുവേലിക്കകത്ത്, ബോര്‍ഡ് അംഗങ്ങളായ ഷെന്നി പോള്‍, ലിന്‍സി വടക്കുംചേരി, ഫിയോനാ മോഹന്‍, ട്രസ്റി ഷാബു മാത്യു, മുന്‍വര്‍ഷത്തെ കലാപ്രതിഭ ജസ്റിന്‍ ജോസഫ്, കലാതിലകം റോസ് മാത്യു എന്നിവരും ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങള്‍ മൂന്നു വേദികളിലായി രാവിലെ പത്തു മുതല്‍ രാത്രി 9.30 വരെ നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ അന്നേദിവസം തന്നെ നല്‍കുകയുണ്ടായി. കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട റോസ് മാത്യു ഉറുമ്പിക്കല്‍, ബിനു-ബീന ദമ്പതികളുടെ മകളാണ്. കഴിഞ്ഞവര്‍ഷവും കലാതിലകമായിരുന്നു ഈ കൊച്ചുമിടുക്കി. പെരുകോണില്‍ മാത്യുവിന്റേയും സൂസിയുടേയും മകനായ ജസ്റിന്‍ ജോസഫാണ് കലാപ്രതിഭ. പോയ രണ്ടുവര്‍ഷവും കലാപ്രതിഭയായിരുന്നു ജസ്റിന്‍.

വികാരി റവ.ഡോ. അഗസ്റിന്‍ പലയ്ക്കാപ്പറമ്പിലും, അസി. വികാരി ഫാ. റോയ് മൂലേച്ചാലിലും കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി വേദിക്കരികിലുണ്ടായിരുന്നത് ഏറെ സന്തോഷമേകിയെന്ന് കുട്ടികളും മാതാപിതാക്കളും പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തെ ക്ളാസുകള്‍ സെപ്റ്റംബര്‍ 12-ന് ശനിയാഴ്ച ആരംഭിക്കുമെന്നും ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം