ഗൃഹാതുരസ്മരണകളുമായി ഹൂസ്റണിലെ ആദ്യകാല മലയാളികള്‍
Tuesday, May 19, 2015 8:05 AM IST
ഹൂസ്റണ്‍: 1969-71 കാലഘട്ടത്തില്‍ ഹൂസ്റണ്‍ സമീപത്തുളള ഗാല്‍ വെസ്റണില്‍ ജോലിക്കായി വന്നു ചേര്‍ന്ന നഴ്സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രഥമ കുടുംബസംഗമം നടത്തി.

നാലര പതിറ്റാണ്ടിനുശേഷമുളള കൂടിവരവില്‍ അന്നത്തെ ജീവിത യാഥാര്‍ഥ്യങ്ങളും അനുഭവിച്ച മുറിവുകളും മറ്റും പങ്കിട്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

ഏപ്രില്‍ 24നു (വെളളി) വൈകുന്നേരം അഞ്ചു മുതല്‍ ഗാല്‍വെസ്റണ്‍ യുടിഎംബി ഹോസ്പിറ്റലിനു സമീപമുളള ഫാര്‍ലി ഗേള്‍സ് റസ്ററന്റില്‍ നടന്ന സംഗത്തില്‍ 25 കുടുംബങ്ങള്‍ പങ്കെടുത്തു. 1969ല്‍ ഗാല്‍വെസ്റണില്‍ എത്തിയ ജോര്‍ജ് കോശിയുടെ പ്രാരംഭ പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. ലീലാമ്മ തോമസ് (ഗാല്‍വെസ്റണ്‍) വേദപുസ്തകം വായിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തോമസ് ഈശോ സ്വാഗതം ആശംസിച്ചു. സണ്ണി എഴുമറ്റൂര്‍ (ഹൂസ്റണ്‍) രാജന്‍ കോശി (ഗാല്‍വെസ്റണ്‍) സൌദാമിനി (ഡാളസ്) എന്നിവര്‍ അവരുടെ പൂര്‍വകാല അനുഭവങ്ങള്‍ പങ്കുവച്ചു. 45 വര്‍ഷത്തിനുശേഷം ഏവരിലുമുണ്ടായ മാറ്റങ്ങള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി. ഈ കാലയളവിനുളളില്‍ മണ്‍മറഞ്ഞുപോയ നിരവധി സുഹൃത്തുക്കളെ അനുസ്മരിച്ച് ഒരു മിനിറ്റ് മൌനമാചരിച്ചു.

മീറ്റിംഗിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ട്ടിസ്റിക് സെലിബ്രേഷന്‍സ് ഇവന്റ് ഉടമ ടെസി വിന്‍ഡല്‍ 1969-71 കളില്‍ എടുത്ത നിരവധി ഫോട്ടോകള്‍ ചേര്‍ത്തു പ്രദര്‍ശിപ്പിച്ച സ്ളൈഡ് ഷോ ശ്രദ്ധേയമായി.

70 കളുടെ ആരംഭത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ലളിതമാക്കിയതിനെത്തുടര്‍ന്ന് വന്നു ചേര്‍ന്ന നിരവധി നഴ്സുമാരെയും കുടുംബാംഗങ്ങളെയും അകമഴിഞ്ഞു സഹായിച്ച ജോര്‍ജ് കോശിക്കും കുടുംബത്തിനും പ്രോഗ്രാം ക്രമീകരിച്ച തോമസ് ഈശോയ്ക്കും ടെസി വിന്‍ഡലിനും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ടി.എ. മാത്യു ആദരിച്ചു.

ടി.എ. മാത്യു നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ കുടുംബസംഗമം സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി