വിദ്യാര്‍ഥിയെ പരിഹസിച്ച ടീച്ചര്‍ക്കു സസ്പെന്‍ഷന്‍
Wednesday, May 20, 2015 7:11 AM IST
ഒഹായോ: വിദ്യാര്‍ഥിയെ പരിഹസിച്ചുവെന്നാരോപിച്ചു ടീച്ചര്‍ക്കു സസ്പെന്‍ഷന്‍. അച്ചടക്കം അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി ക്ളാസ് റൂമില്‍ മറ്റു കുട്ടികളുടെ മുമ്പില്‍ വച്ച് അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിയെ ആക്ഷേപിച്ചു എന്ന ആരോപണത്തെ തുടര്‍ന്നു അഞ്ചാം ഗ്രേഡ് അധ്യാപിക നിക്കോള്‍ ഹെക്കറിനെ (42) ഒഹ്ലന്റന്‍ജി സ്കൂള്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

സ്കൂളിലേക്ക് പ്രവേശിച്ച അഞ്ചാം ഗ്രേഡുകാരന്‍ മൂക്കു ചീറ്റിയതിനെത്തുടര്‍ന്നു മറ്റു കുട്ടികളുടെ ദേഹത്തേക്കു മ്യൂക്കസ് തെറിച്ചത് അച്ചടക്കരാഹിത്യമാണെന്ന് ടീച്ചര്‍ക്ക് തോന്നിയത്രേ. തുടര്‍ന്നു ക്ളാസില്‍ എത്തിയ വിദ്യാര്‍ഥിയെ മറ്റുളള കുട്ടികളുടെ മുമ്പില്‍ വച്ച് അതേ പ്രവര്‍ത്തി ആവര്‍ത്തിച്ചു കാണിക്കുവാന്‍ ടീച്ചര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു കുട്ടിയെ പരിഹസിക്കുന്നതിനു തുല്യമായാണു വിദ്യാഭ്യാസ അധികൃതര്‍ കണ്ടത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു ടീച്ചറെ സ്കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

വിദ്യാഭ്യാസ ജില്ലാ അധികൃതരുടെ തീരുമാനം തെറ്റാണെന്നും അച്ചടക്ക നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു ടീച്ചര്‍ അറിയിച്ചു. വിദ്യാര്‍ഥി ഈ പ്രവര്‍ത്തിയോടൊപ്പം അസഭ്യവാക്കുകള്‍ ഉച്ചരിച്ചതായും അധ്യാപിക ആരോപിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍