മുഖം മിനുക്കി ഷിക്കാഗോ
Wednesday, May 20, 2015 7:18 AM IST
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് ഒരിക്കല്‍ക്കൂടി നഗരത്തിലെത്തുമ്പോള്‍ മുഖം മിനുക്കുകയാണ് ചിക്കാഗോ. പകരം വയ്ക്കാനില്ലാത്ത ആഘോഷ മലയാളി ജീവിതമാണ് ചിക്കാഗോയിലേതെന്ന ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന്റെ വിലയിരുത്തല്‍ അക്ഷരംപ്രതി ശരിയെന്ന പ്രതികരണമാണ് ഇന്ത്യ പ്രസ്ക്ളബ്ബിനു ലിങ്കന്റെ നാട്ടില്‍നിന്നു ലഭിക്കുന്നത്. കോണ്‍ഫറന്‍സിനെക്കുറിച്ച് ഷിക്കാഗോക്കാര്‍ കാര്യങ്ങള്‍ തിരക്കുമ്പോള്‍ത്തന്നെ അതിലുമുണ്ട് എങ്ങുമില്ലാത്തൊരു ഊഷ്മളത.

ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് 2008 ലാണ് ഇന്ത്യ പ്രസ്ക്ളബ്ബിന്റെ രണ്ടാമത് കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍ നടന്നത്. നഗരം നെഞ്ചിലേറ്റിയ ആ സമ്മേളനം ഇന്ത്യ പ്രസ്ക്ളബ്ബിന്റെ തലവരതന്നെ തിരുത്തിയെഴുതിയതാണ്. പ്രഥമ പ്രസിഡന്റ് ജോര്‍ജ് ജോസഫില്‍നിന്നും സംഘാടകമികവുള്ള ജോസ് കണിയാലി പ്രസ്ക്ളബ്ബ് നേതൃത്വമേറ്റ ശേഷമുളള ആദ്യ കോണ്‍ഫറന്‍സായിരുന്നു ഷിക്കാഗോയിലേത്. ഒന്നിനും ഷിക്കാഗോയില്‍ ഒരു കുറവുണ്ടാകില്ല എന്ന കണിയാലിയുടെ വാഗ്ദാനം.

ചരിത്രത്തിനു മറക്കാനാവാത്ത സമ്മേളനമായിരുന്നു അന്ന് ഷിക്കാഗോയില്‍. കൊച്ചു കൂട്ടായ്മകളില്‍ ഒതുങ്ങിയിരുന്ന പ്രസ്ക്ളബ്ബിനെ ദേശീയ തലത്തിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റും ഷിക്കാഗോ സമ്മേളനത്തിനു സ്വന്തം. പ്രഫഷണലിസം എന്ന വിശേഷണത്തെ വാക്കുകളില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കിയതിന്റെ സമ്പൂര്‍ണതയാണ് ജോസ് കണിയാലിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ ചാപ്റ്റര്‍ സമ്മാനിച്ചത്.

കാലം പിന്നെയും മുന്നോട്ടു പോയി. മൂന്നാം കോണ്‍ഫറന്‍സ് 2009ല്‍ ജോസ് കണിയാലിയുടെ നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍. റെജി ജോര്‍ജിന്റെയും ശിവന്‍ മുഹമ്മയുടെയും നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ നടന്ന നാലാം കോണ്‍ഫറന്‍സ് ഇന്ത്യ പ്രസ്ക്ളബ്ബിനെ വി ജയത്തിന്റെ കൊടുമുടി കയറ്റിയെങ്കില്‍ മാത്യു വര്‍ഗീസിന്റെയും മധു കൊട്ടാരക്കരയുടെയും നേതൃത്വത്തില്‍ ന്യൂജേഴ്സി ആതിഥ്യമരുളിയ അഞ്ചാം കോണ്‍ഫറന്‍സ് ന്യൂജനറേഷന്‍ സംഘാടക വൈഭവത്തിന്റെ വിസ്മയം കാഴ്ചവയ്ക്കുകയായിരുന്നു.

ദേശീയ സംഘടനയെന്ന നിലയില്‍ വിശാല അമേരിക്കയുടെ അകത്തളങ്ങളിലേക്ക് ഇന്ത്യ പ്രസ്ക്ളബ്ബ് സമ്മേളനം എത്തണമെന്ന നിര്‍ദേശത്തെ ത്തുടര്‍ന്നാണ് ഷിക്കാഗോയ്ക്ക് ഇക്കുറി കോണ്‍ഫറന്‍സ് നല്‍കാന്‍ നിലവിലുളള ഭാരവാഹികളായ ടാജ് മാത്യുവും വിന്‍സന്റ് ഇമ്മാനുവലും തീരുമാനമെടുത്തത്. കോണ്‍ഫറന്‍സ് ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ ജോസ് കണിയാലി തയാറായി. വീണ്ടും ഷിക്കാഗോ എന്ന സമാപന സന്ദേശം നല്‍കിയാണ് അഞ്ചാം കോണ്‍ഫറന്‍സ് ന്യൂജേഴ്സിയില്‍ അവസാനിച്ചതു തന്നെ.

സൌഹൃദത്തിന്റെ പൂരക്കാഴ്ചകളൊരുക്കുന്ന ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ ചാപ്റ്റര്‍ ആറാം കോണ്‍ഫറന്‍സിന്റെ രൂപരേഖ തയാറാക്കി കഴിഞ്ഞു. സമ്മേളന വേദിയായ ഗ്ളെന്‍വ്യൂ വിലെ വിന്‍ധം ഹോട്ടലുമായി കോണ്‍ട്രാക്ട് ഒപ്പുവച്ചതിലൂടെ ഷിക്കാഗോ ചാപ്റ്റര്‍ ഔദ്യോഗിക കാര്യനിര്‍വഹണത്തിന്റെ ആദ്യപടി പിന്നിട്ടു.

കോണ്‍ഫറന്‍സ് ചെയര്‍മാനായ ജോസ് കണിയാലിതന്നെയാണ് ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റും. ബിജു സഖറിയ, ജോയിച്ചന്‍ പുതുക്കുളം, ബിജു കിഴക്കേകൂറ്റ്, ശിവന്‍ മുഹമ്മ, വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, പ്രസന്നന്‍ പിളള, മാത്തുക്കുട്ടി ആലുംപറമ്പില്‍, അനിലാല്‍ ശ്രീനിവാസന്‍, അരുണ്‍ നായര്‍, കെ.എം. ഈപ്പന്‍ എന്നിവരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി നഗരത്തിലെത്തുന്ന സമ്മേളനം പൊടിപൂരമാക്കാന്‍ വിയര്‍പ്പൊഴുക്കുന്നു.

ജോയിച്ചന്‍ പുതുക്കുളമാണ് ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്. അച്ചടിശാലയിലെ വാര്‍ത്തകള്‍ക്ക് ഇലക്ട്രോണിക് രൂപം പകര്‍ന്ന തുടക്കക്കാരനെന്ന വിശേഷണം യോജിക്കും പുതുക്കുളത്തിന്, തൊണ്ണൂറുകളുടെ ഒടുവില്‍ മലയാളമാധ്യമങ്ങള്‍ ഇലക്ട്രോണിക് ഡെലിവറി പ്ളാറ്റ്ഫോമിലേക്ക് ചുവടുവച്ചപ്പോള്‍ ആ മാറ്റത്തിന്റെ കാറ്ററിഞ്ഞ അമേരിക്കയിലെ ചുരുക്കം പത്രപ്രവര്‍ത്തകരിലൊരാളാണ് ജോയിച്ചന്‍. എന്നിരിക്കിലും പാരമ്പര്യ മാധ്യമങ്ങളെയും അദ്ദേഹം കൈവിട്ടില്ല. വാര്‍ത്താ വിനിമയത്തിന്റെ വ്യത്യസ്ത മേഖലകളാണ് ഇവയെല്ലാം എന്ന് തിരിച്ചറിഞ്ഞ ജോയിച്ചന്‍ എല്ലാ മേഖലകളിലെല്ലാം കൈയൊപ്പ് ചാര്‍ത്തി.

ടെലിവിഷന്‍ എന്ന ദൃശ്യമാധ്യമത്തെ മലയാളികളുടെ വിരുന്നു മുറിയിലെത്തിക്കുകയും തീന്‍മേശ മര്യാദകളുടെ ഭാഗമാക്കുകയും ചെയ്ത ഏഷ്യാനെറ്റ് പ്രതിനിധി ബിജു സഖറിയയാണ് ഷിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി. ടെക്സ്റ് ബുക്ക് ശൈലിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ് ബിജുവിന്റെ പ്രത്യേകത.

ശൂന്യതയില്‍ അക്കങ്ങള്‍ എഴുതിയാലും അതൊക്കെ കൂട്ടിക്കിഴിച്ച് ക്ഷണനേരത്തില്‍ ഉത്തരം കണ്െടത്തുന്ന കണക്കിലെ പ്രതിഭ ബിജു കിഴക്കേകുറ്റാണ് ഷിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍. ഇന്ത്യ പ്രസ്ക്ളബ്ബിന്റെ തുടക്കം മുതല്‍ ഷിക്കാഗോ ചാപ്റ്റര്‍ ട്രഷററായ അദ്ദേഹത്തിന്റെ കണക്കിലെ വിരുത് കണ്ടറിഞ്ഞാണ് ദേശീയ നേതൃത്വത്തിലേക്കും ബിജുവിനെ തെരഞ്ഞെടുത്തത്. ഇന്ത്യ പ്രസ്ക്ളബ്ബ് നാഷണല്‍ ട്രഷററെ ബിജു കിഴക്കേക്കൂറ്റില്‍ കണ്െടത്താന്‍ നിലവിലെ ദേശീയ നേതൃത്വത്തിനു രണ്ടാം ആലോചന വേണ്ടി വന്നില്ല. നാഷണല്‍ ട്രഷറര്‍, ഷിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബിജു കിഴക്കേക്കൂറ്റ് ആറാം കോണ്‍ഫറന്‍സിന്റെ പുരോഗതി നിരന്തരം വിലയിരുത്തുന്നു.

അക്ഷരസ്ഫുടതയുടെ സ്വര്‍ണനാവും ഇന്ത്യ പ്രസ്ക്ളബ്ബ് പ്രസിഡന്റ് ഇലക്ടുമായ ശിവന്‍ മുഹമ്മയാണു ഷിക്കാഗോ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി. ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ചരിത്ര നാള്‍ വഴികളില്‍ കല്ലേപ്പതിപ്പിച്ച പേരാണ് ശിവന്റേത്. അമേരിക്കയിലെ മലയാള മാധ്യമരംഗത്തിനു അതിരുകളില്ലാത്ത സംഘബോധം പകര്‍ന്ന ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളിലാണ് ഷിക്കാഗോയില്‍ നടക്കുക. പ്രവാസ മലയാള ജീവിതത്തിന്റെ നടുമുറ്റമെന്നു വിശേഷിപ്പിക്കാവുന്ന ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണു മാധ്യമ മുന്നേറ്റത്തിനു ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ്.

ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടന്‍, റാന്നിയുടെ ജനപ്രതിനിധിയും പത്രപ്രവര്‍ത്തകനുമായ രാജു ഏബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് മാധ്യമരംഗത്തെ പുകള്‍പെറ്റവരാണ് നയിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി