സിനിമ നിര്‍മാതാവ് പ്രശാന്ത് ഭാര്‍ഗവ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Wednesday, May 20, 2015 7:19 AM IST
ന്യൂയോര്‍ക്ക്: സിനിമ നിര്‍മാണ രംഗത്തെ ഭാവിവാഗ്ദാനമായിരുന്ന പ്രശാന്ത് ഭാര്‍ഗവ ന്യൂയോര്‍ക്കില്‍ ഹൃദയ സംബന്ധമായ രോഗത്തെത്തുടര്‍ന്നു മേയ് 15നു നിര്യാതനായി.

ഷിക്കാഗോയില്‍ ജനിച്ചു വളര്‍ന്ന പ്രശാന്ത് ജീവിച്ചത് ന്യൂയോര്‍ക്കിലായിരുന്നു. ബര്‍ലിന്‍ ഫിലിം ഫെസ്റിവലില്‍ മത്സരത്തിനായി തെരഞ്ഞെടുത്ത 'പട്ടം' (ദി കൈറ്റ്) എന്ന ഡോക്യുമെന്ററി ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏഴു വര്‍ഷമാണ് ഈ ചിത്രം നിര്‍മിക്കുന്നതിനായി പ്രശാന്ത് ചെലവഴിച്ചത്. 2012 ല്‍ ഈ ചിത്രം അമേരിക്കയില്‍ റീലിസ് ചെയ്തിരുന്നു.

ഹിന്ദുക്കളും മുസ്ലിങ്ങളും പ്രായമായവരും ഒരു പോലെ ഒരുമിച്ചിരുന്ന് ആസ്വദിക്കുന്ന പട്ടം പറത്തല്‍ സാഹോദര്യബന്ധം വളര്‍ത്തുവാന്‍ പ്രയോജനപ്പെടിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലെ അഹമ്മദാബാദ് നഗരം സന്ദര്‍ശിച്ചതോടെയാണു ചിത്ര നിര്‍മാണത്തെക്കുറിച്ച് പ്രശാന്തിന്റെ മനസില്‍ ആഗ്രഹം ഉടലെടുത്തത്.

'പട്ട'ത്തെ കൂടാതെ 'സംഘം' എന്ന ഹ്രസ്വ ചിത്രം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ പ്രശാന്ത് നിര്‍മിച്ചിട്ടുണ്ട്.

പിതാവ്: വിജയ്, മാതാവ്: രജന, സഹോദരി അരുണിമ.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍