സാന്റാ അന്നയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും മേയ് 31ന്
Thursday, May 21, 2015 4:50 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയിലെ ആദ്യകുര്‍ബാന സ്വീകരണത്തിലും സ്ഥൈര്യലേപനത്തിലും പിതാക്കന്മാര്‍ പങ്കെടുക്കും.

മേയ് 31ന് (ഞായറാഴ്ച) രാവിലെ പത്തിനുള്ള ദിവ്യബലിയില്‍ ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികനാകും. ഓറഞ്ച് രൂപത ബിഷപ് കെവിന്‍ വാന്‍ സന്ദേശവും നല്‍കും.

ഫൊറോനാ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളില്‍, കുട്ടികളെ പരിശീലിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്ന മിനി രാജു കുടിലില്‍ എന്നിവരോടൊപ്പം മതബോധന സ്കൂള്‍ ടീച്ചര്‍മാരും, പാരീഷ് കൌണ്‍സില്‍ അംഗങ്ങളും മാതാപിതാക്കളും യോഗം ചേര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഈവര്‍ഷം 15 കുട്ടികള്‍ ആദ്യകുര്‍ബാനയും, മൂന്നു കുട്ടികള്‍ സ്ഥൈര്യലേപനവും അഭിവന്ദ്യ പിതാക്കന്മാരില്‍നിന്നു സ്വീകരിക്കും.

ലോസ് ആഞ്ചലസിലും പരിസരങ്ങളിലും സേവനം ചെയ്യുന്ന ബഹു വൈദികരും സന്യസ്തരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതാണ്.

മേയ് 31നു നടക്കുന്ന ധന്യമഹൂര്‍ത്തത്തിലേക്ക് ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എല്ലാവരേയും സ്നേഹാദരവുകളോടെ സ്വാഗതം ചെയ്യുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം