പാട്രിക് മിഷന്‍ പ്രോജക്ട്: ഭദ്രാസന പഠനസംഘം ഒക്ലഹോമയില്‍
Thursday, May 21, 2015 5:38 AM IST
ഓക് ലഹോമ: പാട്രിക് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്മാരക മന്ദിരനിര്‍മാണ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനു ഭദ്രാസന കൌണ്‍സില്‍ ചുമതലപ്പെടുത്തിയ പഠനസംഘം മേയ് മൂന്നാംവാരം ഒക്ലഹോമ ബ്രോക്കണ്‍ ബോ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

ബ്രോക്കണ്‍ ബൊ മെത്തഡിസ്റ് പ്രിസ്ബറ്റേരിയന്‍ സഭാ വിഭാഗം പാസ്റര്‍മാരായി നടത്തിയ ചര്‍ച്ചയില്‍ ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, റവ. സജി തോമസ്, ഭദ്രാസന കൌണ്‍സില്‍ അംഗം സഖറിയ മാത്യു, ഭദ്രാസന നേറ്റീവ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒ.സി. ഏബ്രഹാം, സണ്ണി കെ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

2013 ജൂണില്‍ ഒക്ലഹോമ ബ്രോക്കണ്‍ ബോയില്‍ നാറ്റീവ് മിഷന്റെ നേതൃത്വത്തില്‍ നടന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കാറിയല്‍ യാത്ര ചെയ്യവേ അപകടത്തില്‍ മരിച്ച പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു ഭദ്രാസനം തുടങ്ങിവച്ച പ്രോജക്ടിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ച സാഹചര്യത്തില്‍ ഭദ്രാസന എപ്പിസ്കോപ്പ പ്രത്യേക താത്പര്യമെടുത്തതാണു പഠനസംഘം ഒക്ലഹോമ സന്ദര്‍ശിക്കാനിടയായത്.

ഒക് ലഹോമ സന്ദര്‍ശനത്തിനുശേഷം പഠനം സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാട്രിക് മിഷന്‍ പ്രോജക്ടിന്റെ ഭാവി തീരുമാനിക്കുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍