ജര്‍മനിയില്‍ റെയില്‍ സമരം ഒത്തുതീര്‍ന്നു
Thursday, May 21, 2015 8:11 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയന്‍ (ജിഡിഎല്‍) പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു.

ഇതനുസരിച്ചു വ്യാഴാഴ്ച വൈകുന്നേരം ഏഴു മുതല്‍ ജീവനക്കാര്‍ ജോലിക്കു പ്രവേശിക്കും.

അനിശ്ചിതകാലമെന്നു പ്രഖ്യാപിച്ച സമരത്തെ ജര്‍മനിയിലെ സമസ്ത മേഖലകളില്‍നിന്നുള്ള ആളുകളും വളരെ ആശങ്കയോടെയാണു കണ്ടിരുന്നത്.

എന്നാല്‍ സമരവുമായി സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ മുന്‍ മന്ത്രി മത്യാസ് പ്ളാറ്റ്സെക്ക്, തൂറിംഗന്‍ മുഖ്യമന്ത്രി ബോഡോ റാമലോ എന്നിവരുടെ മധ്യസ്ഥതയില്‍ മേയ് 27 മുതല്‍ ജൂണ്‍ 17 വരെ നടത്തുമെന്നും അതില്‍ വിട്ടുവീഴ്ചകളോടെ കാര്യങ്ങള്‍ സമവായത്തിലെത്തിക്കുമെന്നും യൂണിയന്‍ നേതാവ് ക്ളൌസ് വെസല്‍കി അറിയിച്ചു. വെസല്‍കിയും റെയില്‍വേ എച്ച്ആര്‍ ചീഫ് ഉള്‍റിഷ് വേബറും തമ്മില്‍ ധാരണയിലെത്തിയതോടെയാണു സമരം ഒത്തുതീര്‍പ്പിലെത്തിയത്.

ശമ്പളം, ജോലി സമയം എന്നീ വിഷയങ്ങളിലാണു യൂണിയനും മാനേജ്മെന്റും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. അതു പരിഹരിക്കുമെന്ന് ഇരുഭാഗത്തുനിന്നുമുള്ള വക്താക്കള്‍ അറിയിച്ചു. ചരക്ക്, പാസഞ്ചര്‍ ട്രെയിന്‍ ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്.

അടുത്ത വാരാന്ത്യം പെന്തക്കുസ്താ ദിനത്തിന്റെ അവധിയുള്ളതുകൊണ്ട് യാത്രക്കാരുടെ തിരക്കു കൂടുമെന്നും അതുവഴി റെയില്‍വേയ്ക്കു വന്‍ നഷ്ടമുണ്ടാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു.

പോയ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സമര പരമ്പരകളില്‍ എട്ടാമത്തേതും ഏപ്രില്‍ മാസത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ സമരം ജര്‍മനിയെ തളര്‍ത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍